പത്തനംതിട്ട: പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ ഏറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം നാളെ (സെപ്റ്റം.7 ബുധനാഴ്ച) സംസ്കരിക്കും. തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എത്തിച്ച മൃതദേഹം റാന്നിയിലെ മർത്തോമാ ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കുട്ടിയുടെ അമ്മയും ചികിത്സാപിഴവ് സംബന്ധിച്ച ഗുരുതര ആരോപങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആദ്യം കുട്ടിയെ എത്തിച്ച ജനറൽ ആശുപത്രിയിലെ നേഴ്സ് കുട്ടിയുടെ മുറിവ് സോപ്പു കൊണ്ട് കഴുകുവാൻ തയ്യാറായില്ല. പിതാവാണ് മുറിവ് കഴുകിയത്.
പരിക്കിന്റെ ഗൗരവം ഡോക്ടർ തിരിച്ചറിഞ്ഞില്ലയെന്നും കുട്ടിയുടെ അമ്മ പരാതിപ്പെടുന്നു. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിയ്ക്കുന്നുണ്ട്.
പെൺകുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവുണ്ടായെന്ന പ്രതിപക്ഷ ആരോപണം തുടരുകയാണ്. ഈ വിഷയം ഉന്നയിച്ച് ഇന്നും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഡി എം ഒ യെ ഉപരോധിച്ചിരുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയും പെരുന്നാട് കുടുംബ ആരോഗ്യ കേന്ദ്രത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബിജെപിയും ഏറ്റെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി.







