അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. പയ്യാമ്പലത്ത് മൃതദേഹം സംസ്‍ക്കരിച്ചത്. മക്കളായ ബിനോയിയും ബിനീഷും ചിതയ്ക്ക് തീ കൊളുത്തി.
ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിയുടെ അന്ത്യ വിശ്രമം. കുടുംബാഗങ്ങൾക്കും പ്രധാന നേതാക്കൾക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‍ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്.
മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയില്‍ കാല്‍നടയായിട്ടാണ് നേതാക്കളും പ്രവര്‍ത്തകരും ആംബുലന്‍സിനെ അനുഗമിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം എ ബേബി, എം വി ഗോവിന്ദൻ, എം വിജയരാജൻ, വിജയരാഘവൻ, കെ കെ ശൈലജ, പി കെ ശ്രീമതി അടക്കമുളള മുതിർന്ന നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു.
മുഖ്യമന്ത്രിയും യെച്ചൂരിയും കോടിയേരിയുടെ ഭൌതികദേഹം വിലാപയാത്രയില്‍ ചുമലിലേറ്റി. ഈങ്ങയിൽ പീടികയിലെ വീട്ടിൽ നിന്ന് കണ്ണൂരിലേയ്ക്കുള്ള വിലാപയാത്രയിൽ വഴിക്ക് ഇരുവശവും അന്ത്യാഭിവാദ്യവുമായി ജനം തടിച്ചുകൂടിയിരുന്നു






