Hot Posts

6/recent/ticker-posts

ചീറ്റകൾ ക്വാറന്റീൻ പൂർത്തിയാക്കി


നമീബിയയിൽനിന്ന് എത്തിച്ച ചീറ്റകൾ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒരുമാസത്തെ ക്വാറന്റീൻ വാസം പൂർത്തിയാക്കി. ചീറ്റകളെല്ലാം ഉഷാറാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. 


പോത്തിറച്ചിയാണ് പ്രധാന ശാപ്പാട്. അത് നന്നായി കഴിക്കുന്നുണ്ട്. കുറഞ്ഞ കാലയളവിൽ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ചീറ്റകൾക്ക് കഴിഞ്ഞു.


കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് തുടർച്ചയായി പെയ്ത മഴയും ഇവ ആസ്വദിച്ചു. ചീറ്റകളെ ക്വാറന്റീൻ സ്ഥലത്തുനിന്ന്‌ വിശാലമായ മറ്റൊരു ഇടത്തേക്ക് മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥർ. 


തിങ്കളാഴ്ച ഇതിനായി യോഗം ചേർന്നെങ്കിലും അന്തിമതീരുമാനത്തിലെത്തിയിട്ടില്ല. ഒരുമിച്ചാണോ ഒറ്റയ്ക്കായാണോ മാറ്റേണ്ടതെന്ന കാര്യത്തിലും ധാരണയായിട്ടില്ല.


കഴിഞ്ഞമാസം 17-നാണ് നമീബിയയിൽനിന്ന് അഞ്ച് ആണും മൂന്ന് പെണ്ണും ഉൾപ്പെടെ എട്ട് ചീറ്റകളെ മധ്യപ്രദേശിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചീറ്റകളെ തുറന്നുവിട്ടത്. ഇന്ത്യയിൽ വംശനാശം സംഭവിച്ചതിനാലാണ് 70 വർഷത്തെ ഇടവേളയ്ക്കുശേഷം വിദേശത്തുനിന്ന് ചീറ്റകളെ എത്തിച്ചത്.

Reactions