Hot Posts

6/recent/ticker-posts

ഡോ.സ്‌കറിയ സക്കറിയ അന്തരിച്ചു


കോട്ടയം: സാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ ഡോ. സ്‌കറിയ സക്കറിയ (75) അന്തരിച്ചു. അനാരോഗ്യം മൂലം ഏതാനും മാസങ്ങളായി പെരുന്നയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്‌കാരം 20ന് വൈകിട്ട് 3ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.


ദീര്‍ഘകാലം ചങ്ങനാശ്ശേരി എസ്ബി കോളജിലും തുടര്‍ന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും മലയാളം വകുപ്പ് മേധാവിയായിരുന്നു. സംസ്‌കാര പഠനം (കള്‍ച്ചറല്‍ സ്റ്റഡീസ്) എന്ന വിജ്ഞാന ശാഖയ്ക്ക് കേരളത്തില്‍ തുടക്കമിട്ടത് അദ്ദേഹമാണ്. 


ജര്‍മനി, ഇസ്രയേല്‍, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ ഭാഷാശാസ്ത്രജ്ഞരുമായും സംസ്‌കാര ഗവേഷകരുമായും ചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ ഒട്ടേറെ ഗവേഷണ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.


മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുമായി ബന്ധപ്പെട്ട അതിവിപുലമായ ഗവേഷണങ്ങള്‍ ഡോ. സ്‌കറിയ സക്കറിയ നടത്തിയിട്ടുണ്ട്. ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍നിന്ന് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ രേഖാ ശേഖരങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചത് അക്കൂട്ടത്തില്‍ ഏറെ പ്രധാനമാണ്. 


വിപുലമായ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളില്‍ പ്രധാനപ്പെട്ടവ മലയാള വഴികള്‍ എന്ന പേരില്‍ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദയം പേരൂര്‍ സുന്നഹദോസിന്റെ കാനോനകള്‍, മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും തുടങ്ങി ഗവേഷണ പ്രധാനമായ ഒട്ടേറെ കൃതികള്‍ പ്രസിദ്ധീകരിച്ചു.

Reactions