Hot Posts

6/recent/ticker-posts

ഭർതൃവീട്ടുകാർ പുറത്താക്കിയെന്ന് പരാതി; യുവതിയും കുഞ്ഞും രാത്രി സിറ്റൗട്ടിൽ കഴിച്ചുകൂട്ടി


കൊല്ലം: യുവതിയെയും അഞ്ചു വയസ്സുകാരനായ മകനെയും ഭര്‍തൃവീട്ടുകാര്‍ പുറത്താക്കിയെന്ന് പരാതി. ഭക്ഷണം പോലും ലഭിക്കാതെ യുവതിക്കും കുഞ്ഞിനും 17 മണിക്കൂറിലധികം വീടിന് പുറത്ത് കാത്തുനില്‍ക്കേണ്ടിവന്നു. 


കൊട്ടിയം തഴുത്തലയില്‍ ടി.വി ആദിത്യയ്ക്കും മകനും നേരെയാണ് ഭര്‍തൃവീട്ടുകാരുടെ ഈ കൊടും ക്രൂരതയെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്‌.


ആദിത്യയുടെ ഭര്‍ത്താവ് ഗുജറാത്തിലാണ്. വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെ സ്‌കൂള്‍വിട്ടു വന്ന മകനെ കൂട്ടാനായി വീട്ടില്‍നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഭര്‍തൃമാതാവ് വീടു പൂട്ടിയതെന്നാണ് ആദിത്യ പറയുന്നത്. 

സ്‌കൂള്‍ യൂണിഫോം പോലും മാറാന്‍ കഴിയാതെ നിന്ന കുഞ്ഞിന് അയല്‍ക്കാരാണ് ഭക്ഷണം നല്‍കിയത്. സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് പീഡനം പതിവാണെന്നും ഇതിനും മുമ്പും ഇത്തരത്തില്‍ വീടിനു പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും ആദിത്യ പറയുന്നു.



ആറര മണിക്കൂറോളം ഗേറ്റിനു പുറത്തു നിന്ന ശേഷം നാട്ടുകാരുടെ സഹായത്തോടെ മതിലു കടന്ന് വീടിന്റെ സിറ്റൗട്ടിലായിരുന്നു ഇന്നലെ രാത്രി കഴിച്ചുകൂട്ടിയത്. രാത്രി വൈകിയിട്ടു പോലും വീടു തുറന്നു നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. വൈദ്യുതിയും വിച്ഛേദിച്ചു. 

പോലീസിന്റെ സഹായം തേടിയെങ്കിലും ഇതിനെതിരെ യാതൊരു വിധ നടപടിയും പോലീസ് സ്വീകരിച്ചില്ലെന്നും ഇവര്‍ പറയുന്നു. വീട്ടുകാര്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ തങ്ങള്‍ക്കുനേരെ പോലീസ് ലാത്തി വീശിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Reactions