പാലാ വലവൂരിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി) യുടെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടതായി ജോസ് കെ മാണി എംപി അറിയിച്ചു.
സ്ഥലമേറ്റെടുക്കല്‍ സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കുന്നതിനായി കിന്‍ഫ്രയുമായും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുകൂലമായ റിപ്പോര്‍ട്ടുകളും സംസ്ഥാന സര്‍ക്കാരിന് കൈമാറി. ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റീറ്റൂട്ട് എന്ന സങ്കല്‍പ്പത്തിന് പകരം ഇന്‍സ്റ്റിറ്റൂട്ടിനൊപ്പം ഇന്‍ഡസ്ട്രി എന്ന ആശയമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്, ജോസ് കെ മാണി പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഐഐഐടിക്കൊപ്പം ഒരു ഇന്‍ഫോസിറ്റിയും സ്ഥാപിക്കണം എന്ന ആശയം ഉയരുന്നതെന്നും
ഒരു സംസ്ഥാനത്തും ഇതുവരെ ഐഐഐടിക്കൊപ്പം ഇന്‍ഫോസിറ്റി ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഐഐഐടികളില്‍ മികവില്‍ ഒന്നാം സ്ഥാനത്തുള്ള ക്യാമ്പസാണ് ഐഐഐടി കോട്ടയം. ഈ സ്ഥാപനത്തോടൊപ്പം ഇന്‍ഫോസിറ്റി കൂടി സ്ഥാപിതമായാല്‍ ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് വേഗത്തില്‍ ഇവിടെ തന്നെ ജോലി ലഭിക്കുവാനും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സാധ്യതകളും തുറന്നുകൊടുക്കപ്പെടുമെന്നും ജോസ് കെ മാണി പറഞ്ഞു.
വലവൂരില്‍ 250 കോടി രൂപയോളം മുതല്‍മുടക്കി സ്ഥാപിതമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി)യില്‍ ഇപ്പോള്‍ ആയിരത്തിലധികം കുട്ടികള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സ്ഥാപനത്തിന് സമീപമാണ് ഭൂമി ഏറ്റെടുക്കുന്നതിന് സര്‍വ്വേ നടത്തിയിരിക്കുന്നത്.
100 ഏക്കര്‍ ഭൂമി ഇതിനായി വേണ്ടിവരും. സ്ഥാപനം വരുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
പുതിയ തലമുറയ്ക്ക് ഐ.ടി മേഖലയില്‍ ആഗോള നിലവാരമുള്ള വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും സൗകര്യമൊരുക്കുന്ന ട്രിപ്പിള്‍ ഐ.ടിക്കൊപ്പം ഇന്‍ഫോസിറ്റി കൂടി യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന്റെയും രാജ്യത്തിന്റെയും വികസന വഴിയില്‍ നിര്‍ണ്ണായക നാഴികകല്ലായി മാറും.





