Hot Posts

6/recent/ticker-posts

സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം കോട്ടയത്ത്


കോട്ടയം: സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 20 മുതല്‍ 22 വരെ കോട്ടയത്ത് നടക്കും. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലെ ഏഴു വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 1500 ഭിന്നശേഷി വിദ്യാര്‍ഥികള്‍ കലാമത്സരങ്ങളില്‍ മാറ്റുരയ്ക്കും.


കേഴ്‌വി, കാഴ്ച, പരിമിതിയുള്ളവരും ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുമായ കുട്ടികളാണ് പങ്കെടുക്കുക. കേഴ്‌വി പരിമിതിയുള്ളവര്‍ക്ക് എട്ടു വ്യക്തിഗത ഇനങ്ങളിലും ഏഴു ഗ്രൂപ്പ് ഇനങ്ങളിലും കാഴ്ച പരിമിതിയുള്ളവര്‍ക്ക് അഞ്ചു വിഭാഗങ്ങളിലായി 16 വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരം. 


ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ആറു വ്യക്തിഗത ഇനങ്ങളും മൂന്നു ഗ്രൂപ്പിനം മത്സരങ്ങളുമാണുള്ളത്. വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യമടക്കം ഏര്‍പ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.


കലോത്സവ നടത്തിപ്പിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണ യോഗം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ വകുപ്പു മന്ത്രി, സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായും ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാധ്യക്ഷ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ രക്ഷാധികാരികളായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ചെയര്‍മാനുമായി സ്വാഗതസംഘം രൂപീകരിച്ചു. 14 സബ്കമ്മിറ്റികളും തെരഞ്ഞെടുത്തു.

യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (അക്കാദമിക്) എം.കെ. ഷൈന്‍ മോന്‍ അധ്യക്ഷനായി. 

നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ശങ്കരന്‍, ജോയിന്റ് ഡയറക്ടര്‍ അബൂബക്കര്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.എ.മുഹമ്മദ് ഷാഫി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.അരുണ്‍ കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം റീജണല്‍ ഉപഡയറക്ടര്‍ എം.സന്തോഷ് കുമാര്‍, സ്‌കൂള്‍ മാനേജര്‍ ഫാ.പി.കെ.കുരുവിള, സര്‍വശിക്ഷാ കേരളം ജില്ലാ പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ മാണി ജോസഫ്, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി.ജയശങ്കര്‍, ഡോ.മാത്യു ജോസഫ്, അധ്യാപക സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
സ്പെഷല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, അധ്യാപക സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Reactions