Hot Posts

6/recent/ticker-posts

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ അതിക്രമം: രണ്ടുപേര്‍ അറസ്റ്റില്‍


അയര്‍കുന്നം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ അതിക്രമം നടത്തിയ രണ്ടുപേര്‍ പൊലീസ് പിടിയില്‍. അയര്‍കുന്നം നരിമറ്റം സരസ്വതി ഭവനം വീട്ടില്‍ അശ്വിന്‍ (20), അയര്‍കുന്നം പറമ്ബുകര ഭാഗത്ത് ഇലഞ്ഞിവേലില്‍ വീട്ടില്‍ ടോണി ഇ ജോര്‍ജ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയര്‍ക്കുന്നം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 


അയര്‍കുന്നം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം. പെണ്‍കുട്ടിയുടെ സഹോദരനായ യുവാവിനെ ആക്രമിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പ്രതികള്‍ കടന്നു പിടിക്കുകയായിരുന്നു. ആക്രമണത്തിനിരയായ യുവാവും പ്രതികളും മുന്‍പ് സുഹൃത്തുക്കള്‍ ആയിരുന്നു. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് വൈരാഗ്യം നിലനിന്നിരുന്നു.


കഴിഞ്ഞ ദിവസം പ്രതികള്‍ ഇരുവരും ചേര്‍ന്ന് പാറേവളവുഭാഗത്ത് വച്ച്‌ യുവാവിനെ ആക്രമിക്കുകയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയര്‍കുന്നം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.


പ്രതികളില്‍ ഒരാളായ അശ്വിന് അയര്‍കുന്നം, കോട്ടയം ഈസ്റ്റ്, പാലാ എന്നീ സ്റ്റേഷനുകളില്‍ മോഷണ കേസുകള്‍ ഉള്‍പ്പെടെ അഞ്ച് കേസുകള്‍ നിലവിലുണ്ട്. ടോണിക്ക് അയര്‍കുന്നം പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും നിലവിലുണ്ട്. അയര്‍കുന്നം സ്റ്റേഷന്‍ എസ്‌എച്ച്‌ഒ മധു.ആര്‍, എസ്‌ഐ എജിസണ്‍, സി പി ഒമാരായ അനൂപ്, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Reactions