Hot Posts

6/recent/ticker-posts

കോട്ടയം നഗരസഭാ കോംപ്ലക്‌സ്‌; വ്യാപാരികള്‍ പൂര്‍ണമായി ഒഴിഞ്ഞു


കോട്ടയം: തിരുനക്കരയിലെ നഗരസഭാ കോംപ്ലക്‌സില്‍ നിന്നും വ്യാപാരികള്‍ പൂര്‍ണമായി ഒഴിഞ്ഞു. ഇന്നു താക്കോല്‍ നഗരസഭയ്‌ക്കു കൈമാറും. 

നഗരസഭയും വ്യാപാരികളും തമ്മില്‍ ഏറെ നാള്‍ നീണ്ട പോരിനാണ്‌ ഇതോടെ പരിഹാരമാകുന്നത്‌. കെട്ടിടം പൊളിച്ചു വ്യാപാരികള്‍ക്കു മൂന്നു മാസത്തിനുള്ളില്‍ താത്‌കാലിക സംവിധാനം ഒരുക്കുമെന്നാണു നഗരസഭയുടെ പ്രഖ്യാപനം.


കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലയിലുള്ള വ്യാപാരികളെ നാഗമ്ബടം ബസ്‌ സ്‌റ്റാന്റ്‌ കെട്ടിടത്തിലെ മുകളില്‍ ഒഴിഞ്ഞുകിടക്കുന്ന കടകളിലേക്ക്‌ മാറ്റാന്‍ ധാരണയായിരുന്നു. എന്നാല്‍, എല്ലാവരും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. താഴെയുള്ള നിലയിലെ വ്യാപാരികളെ എ, ബി ബ്ലോക്കുകള്‍ പൊളിച്ച്‌ അവിടെ പുനരധിവസിപ്പിക്കാനാണ്‌ തീരുമാനം. 


മൂന്നു മാസത്തിനുള്ളില്‍ ബദല്‍ സംവിധാനം ഒരുക്കുമെന്നാണ്‌ നഗരസഭ വ്യാപാരികള്‍ക്കു നല്‍കിയിരിക്കുന്ന വാഗ്‌ദാനം. ഈയാഴ്‌ച തന്നെ കെട്ടിടം പൊളിക്കുന്ന ജോലികള്‍ ആരംഭിക്കുമെന്നും നഗരസഭാ അധികൃതര്‍ പറയുന്നു. അതേസമയം,വ്യാപാരികള്‍ക്ക്‌ വന്‍ നഷ്‌ടമാണുണ്ടായിരിക്കുന്നത്‌.


സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനാല്‍ മാറ്റുന്ന സാധനങ്ങള്‍ പലരും നശിപ്പിച്ചു കളയുകയായിരുന്നു. ചിലര്‍ കിട്ടിയ വിലയ്‌ക്കു കൈയൊഴിഞ്ഞു. മുറികളിലെ ഷെല്‍ഫും മറ്റും അഴിച്ചു വീടുകളിലേക്കു മാറ്റിയിരിക്കുകയാണ്‌ ഭൂരിഭാഗം പേരും. മൂന്നു മാസത്തിനുള്ളില്‍ പുതിയ മുറിയിലേക്ക്‌ മാറാമെന്ന പ്രതീക്ഷയിലാണ് ഇവർ.

Reactions