പാലാ ഗ്രീൻ ടൂറിസം സർക്യൂട്ടിൻ്റെ ഭാഗമായി മീനച്ചിലാറിൻ്റെയും ളാലം തോടിൻ്റെയും സംഗമസ്ഥാനത്ത് നിർമ്മാണം പൂർത്തിയാക്കിയ പദ്ധതിയാണ് "ബ്യൂട്ടിഫിക്കേഷൻ ഓഫ് പാലാ"കേന്ദ്രം.
ലണ്ടൻ ബ്രിഡ്ജിൻ്റെ മാതൃകയിൽ ഉള്ള 30 മീറ്റർ ഇരുമ്പുപാലവും പാരീസിലെ ലവ്റെ മ്യൂസിയത്തിൻ്റെ രൂപത്തിൽ ഗ്ലാസ് മേൽക്കൂരയോടു കൂടിയ ഭൂഗർഭ ഹാളും 300 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ കോൺഫ്രൻസ് ഏരിയ, ലഘുഭക്ഷണശാല, മിനി പാർക്ക്, സായാഹ്നസവാരിക്കായി വാക് വേ, വിശ്രമത്തിനായി ഇരിപ്പിട സൗകര്യങ്ങൾ, വൈദ്യുത ദീപാലങ്കാരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള മനോഹര നിർമ്മിതിയാണ് രണ്ട് വർഷം മുൻപ് ഇവിടെ പൂർത്തിയാക്കിയത്.
മുൻ ധനകാര്യമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ഈ സ്വപ്ന പദ്ധതിക്കായി ടൂറിസം വകുപ്പ് 5 കോടി രൂപയാണ് മുടക്കിയത്. ഈ കേന്ദ്രത്തിൽ നിന്നും മീനച്ചിലാറിൻ്റെ മറുകരയിലേക്കും പാലവും വിഭാവനം ചെയ്തിരുന്നു.
2021 ഏപ്രിലിൽ ഗ്രീൻ ടൂറിസം പാലാ ഓഫീസിലെ എല്ലാ ജീവനക്കാരും പിരിച്ചു വിടപ്പെട്ടതോടെ ഓഫീസ് പ്രവർത്തനവും പാടേ നിലച്ചു.
വിനോദ സഞ്ചാര വകുപ്പിൻ്റെ കോട്ടയം ഡെപ്യൂട്ടി ഡയറക്ടർക്കാണ് ഇപ്പോൾ ഈ കേന്ദ്രത്തിൻ്റെ ചുമതല നൽകിയിരിക്കുന്നത്. ഈ ഓഫീസ് കുമരകത്താണ് പ്രവർത്തിക്കുന്നത്.
കേരള സർക്കാർ കൺസൾട്ടൻസി സ്ഥാപനം കൂടിയായ "കിററ്കോ"മുഖനയാണ് പദ്ധതി പൂർത്തിയാക്കിയത്. പണി പൂർത്തിയായ സമയത്ത് പാലാ ഗ്രീൻ ടൂറിസം പദ്ധതിയുടെ ബാലൻസ് ഫണ്ട് ശുഷ്കമായിരുന്നു. കിററ്കോ ആവശ്യപ്പെട്ട ഫണ്ട് വിഹിതം നൽകുവാൻ തുക ഉണ്ടായിരുന്നില്ല. നിർമ്മാണം നടത്തിയ കോൺട്രാക്ടർക്ക് യഥാസമയം പണം കിട്ടാതെ വന്നതോടെ തർക്കം കോടതിയിലെത്തുകയും കോടതി നിർദ്ദേശിച്ച പ്രകാരമുള്ള തുക വിനോദ സഞ്ചാര വകുപ്പ് കോൺട്രാക്ടർക്ക് നൽകുകയും ചെയ്തു.
എന്നാൽ വാട്ടർ കണക്ഷനും വൈദ്യുത കണക്ഷനും ഇവിടെ ലഭ്യമായിട്ടില്ല. ഇതു സംബന്ധിച്ച് കിറ്റ് കോയും കോൺട്രാക്ടറും തമ്മിലുള്ള തർക്കത്തിന് പരിഹാരം നാളിതുവരെ ഉണ്ടായിട്ടില്ല. കരാർ പ്രകാരമുളള ജോലികൾ എല്ലാം പൂർത്തിയാക്കിയതായി കോൺട്രാക്ടറും, ഇല്ല എന്ന് കിറ്റ് കോയും തർക്കം തുടരുകയാണ്. പ്രശ്ന പരിഹാരത്തിന് ചർച്ച നടക്കുന്നതായാണ് അധികൃതർ പറയുന്നത്.
ഇവിടെ വൈദ്യുതി, ജല കണക്ഷനുകൾ എടുത്ത് നൽകിയ ശേഷം കിററ്കോ വിനോദ സഞ്ചാര വകുപ്പിന് കൈമാറാതെ ഈ കേന്ദ്രം പ്രവർത്തിപ്പിക്കാനാവില്ല. പാലായിൽ നിന്നും 50 കി.മീ അകലെ കുമരകം കവണാറ്റിൻകരയിലുള്ള ടൂറിസം വകുപ്പിൻ്റെ ജില്ലാ കാര്യാലയത്തിൽ നിന്നും ഇവിടം പ്രവർത്തിക്കുന്നതിനാവശ്യമായ കാര്യങ്ങൾ നിയന്ത്രിക്കുവാൻ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതായി ജില്ലാ ഓഫീസ് അധികൃതരും പറയുന്നു.






