പാലാ: മീനച്ചിൽ താലൂക്ക് വികസന സമിതി യോഗം മീനച്ചിൽ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ മാണി സി. കാപ്പൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പാലാ - കടപ്പാട്ടൂർ ബൈപ്പാസിന്റെ ഇരു വശവും കാട് കയറി കിടക്കുന്നത് നീക്കം ചെയ്യണമെന്ന് യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
പാലാ കിഴതടിയൂർ ബൈപ്പാസിലും പാലാ തൊടുപുഴ റോഡിലും പാലാ പൊൻകുന്നം റോഡിലും ഗതാഗത തടസ്സം ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന താല്ക്കാലിക കടകൾ നീക്കുന്നതിന് പി.ഡബ്ല്യു.ഡി പോലീസ് വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
പാലാ റിവർ റോഡ് തകർന്നു കിടക്കുന്നത് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്ന് അംഗങ്ങളുടെ ആവശ്യത്തിൽ ഒരു മാസത്തിനകം പ്രസ്തുത റോഡിന്റെ പണി പൂർത്തിയാകുമെന്ന് പി.ഡബ്ല്യു.ഡി അറിയിച്ചു. മീനച്ചിൽ താലൂക്കിലെ വിവിധ പൊതു സ്ഥലങ്ങളിൽ നായ ശല്യം യോഗത്തിൽ ചർച്ചയാവുകയും ഇതിന് അടിയന്തിര നടപടികൾ പാലാ മുനിസിപ്പാലിറ്റി അധികൃതർ ചെയ്യണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
മീനച്ചിലാറ്റിൽ കളരിയാമ്മക്കൽ കടവിലെ ചെക്ക് ഡാമിൽ കിടക്കുന്ന റബ്ബർ മരം നീക്കണമെന്ന ആവശ്യവും ഉയർന്നു. താലൂക്ക് വികസന സമിതി യോഗത്തിൽ തുടർച്ചയായി ഹാജരാകാതിരിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യണമെന്ന നിർദ്ദേശം ഉയർന്നു. താലൂക്ക് വികസന സമിതി യോഗത്തിൽ എല്ലാ വകുപ്പ് ഉദ്യോഗസ്ഥ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്നും എടുക്കുന്ന തീരുമാനങ്ങൾ അടിയന്തിരപ്രാധാന്യത്തോടുകൂടി നടപടിക്രമം പാലിച്ച് ചെയ്യണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. മീനച്ചിൽ തഹസിൽദാർ സിന്ധു വി.എസ് പ്രസംഗിച്ചു.





