പാലാ നഗരസഭയിൽ 2 മിനി ആശുപത്രികൾക്കായി 1.69 കോടി രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചു. ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാണ് ആരംഭിയ്ക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ മേഖലയിൽ വിനിയോഗിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.
ആദ്യ ഗഡുവായി 82 ലക്ഷം രൂപ ലഭിച്ചുകഴിഞ്ഞതായി നഗരസഭ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു.
ഈ തുക വിനിയോഗിച്ച് നഗരസഭാ പ്രദേശത്ത് വിപുലമായ പദ്ധതി ആവിഷ്കരിക്കും. കൂടുതൽ തൊഴിലാളി കുടുംബങ്ങൾ അധിവസിക്കുന്ന പരുമലക്കുന്ന് ഡേവീസ് നഗറിലുള്ള കെട്ടിടം പ്രഥമ ഘട്ടത്തിൽ ഹെൽത് ആന്റ് വെൽനസ് സെന്ററായി മാറും . ഇവിടേയ്ക്ക് ആവശ്യമായ ഫർണിച്ചറുകളും ഉപകരണങ്ങളും ഉടൻ ലഭ്യമാക്കും.
ജീവിത ശൈലി രോഗനിർണയം , അമ്മയും കുഞ്ഞും ആരോഗ്യവിഭാഗം, പകർച്ചവ്യാധി പ്രതിരോധ വിഭാഗം , ഗർഭിണികൾക്കായുള്ള പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ എന്നിവ ഈ കേന്ദ്രം വഴി ലഭ്യമാക്കും. പരുമലക്കുന്നിലെ കെട്ടിട നവീകരണത്തിന് 10 ലക്ഷം രൂപയും , ഫർണീച്ചർ, ടെലി കൺസൽറ്റേഷർ സൗകര്യങ്ങൾക്കായി 15 ലക്ഷം, ഭരണ വിഭാഗത്തിന് 15 ലക്ഷം, സ്റ്റാഫ് പരിശീലനത്തിനും മറ്റുമായി 15 ലക്ഷം, പോളി ക്ലിനിക് ചിലവുകൾക്കായി 27 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.
രണ്ടാമത് മറ്റൊരു കേന്ദ്രം കൂടി അനുയോജ്യമായ സ്ഥലത്ത് സജ്ജീകരിയ്ക്കും. ഇതോടൊപ്പം ഹെൽത്ത് ഗ്രാന്റ് കർമ പദ്ധതി പ്രകാരമുള്ള മറ്റ് പദ്ധതികളും നടപ്പാക്കും.





