പച്ചക്കറി മൊത്തവ്യാപാരക്കടയിൽ നിന്നു മാങ്ങ മോഷ്ടിച്ചെന്ന കേസിൽ പ്രതിയായ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബിനായുള്ള അന്വേഷണം ഊർജിതമാക്കി. മാങ്ങ കൊണ്ടുപോകാൻ ഉപയോഗിച്ച സ്കൂട്ടർ കൂട്ടിക്കലിലെ വീടിനു സമീപത്തു നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു.
കേസെടുത്തതോടെ ഒളിവിൽപോയ ഷിഹാബിന്റെ മൊബൈൽ ഫോൺ തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ ടവർ പരിധികളിൽ എത്തിയതായി സൈബർ സെൽ കണ്ടെത്തി. പിന്നീടു കൂട്ടിക്കൽ ടവർ ലൊക്കേഷൻ പരിധിയിൽ എത്തിയ ശേഷം ഓഫായി.
സംഭവത്തിൽ ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു. എസ്എച്ച്ഒ ഷിന്റോ പി.കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണു തിരച്ചിൽ നടത്തുന്നത്.





