Hot Posts

6/recent/ticker-posts

പാന്റിന് നീളം പോര; വിദ്യാർത്ഥിയെ പ്രിൻസിപ്പൽ അപമാനിച്ചതായി പരാതി


യൂണിഫോം പാന്റിന് നീളം കുറവാണെന്നതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ചെന്ന് പരാതി. സഹപാഠികള്‍ക്കുമുന്നിൽ നേരിട്ട അപമാനം സഹിക്കവയ്യാതെ കോഴിക്കോ‌‌ട് വടകരയിലെ ഒരു വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി മൂന്ന് ദിവസമായി സ്‌കൂളില്‍ പോകാതെ വീട്ടില്‍ ഇരിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.


രക്ഷിതാക്കളുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണം തുടങ്ങി. സംഭവത്തെ കുറിച്ച് വിദ്യാര്‍ഥി പറയുന്നത് ചൊവ്വാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ക്ലാസിന് പുറത്ത് നില്‍ക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ വന്നെന്നും പാന്റിന് കുറച്ച് നീളം കുറവായത് കൊണ്ട് വളരെ മോശമായി സംസാരിച്ചുവെന്നുമാണ്. 


നിന്നെ കാണാന്‍ ബ്ലൂ ഫിലിമില്‍ അഭിനയിക്കുന്ന ആളെ പോലെ ഉണ്ടെന്നും നീ ഇതൊക്കെ കാണിച്ച് ബ്ലൂഫിലിമില്‍ അഭിനയിക്കാന്‍ പോവുകയാണോ എന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചതായും കുട്ടി പറയുന്നു.

മുടി കാണിച്ച് ഇങ്ങനത്തെ പാന്റിട്ട് നീയെന്താ പെണ്ണിനെ പോലെ നടക്കാന്‍ പോവുകയാണോ എന്ന് ചോദിച്ചെന്നും എന്നാല്‍ നീയൊട്ട് പെണ്ണാവുകയില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞെന്നും വിദ്യാര്‍ത്ഥി പറയുന്നു. 

നിന്റെ പിതാവ് എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ വിദേശത്താണെന്ന് മറുപടി നല്‍കി. അപ്പോള്‍ ഹോര്‍ലിക്‌സും പഴവും വെട്ടി വിഴുങ്ങി വരുന്നതല്ലെ അതിന്റെ അഹങ്കാരമായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായും വിദ്യാര്‍ത്ഥി ആരോപിക്കുന്നു.


ക്ലാസില്‍ ഇരിക്കുന്ന പെണ്‍കുട്ടികളും പുറത്തുള്ള കുട്ടികളുമെല്ലാം ഇത് കേട്ടെന്നും മനപ്രയാസം കാരണം സ്‌കൂളില്‍ പോകാന്‍ പറ്റുന്നില്ലെന്നും വിദ്യാര്‍ത്ഥി പറയുന്നു. 

കുട്ടി സ്‌കൂളിലുണ്ടായ സംഭവം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് പ്രിന്‍സിപ്പലിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വളരെ മോശമായിട്ടാണ് തന്നോടും പ്രിന്‍സിപ്പല്‍ സംസാരിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. 

പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥി ബാലാവകാശ കമ്മീഷനും ചൈല്‍ഡ് ലൈനിലും വടകര പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Reactions