കഴിഞ്ഞ ആഴ്ചയാണ് 54കാരിയെ പെരുമ്പാമ്പ് ജിവനോടെ വിഴുങ്ങിയത്.ഇന്തൊനേഷ്യയിലാണ് സംഭവം നടന്നത്. ജഹ്റയെന്ന സ്ത്രീയാണ് പെരുമ്പാമ്പിന് ഇരയായത്. സുമാത്രയിലെ ബന്താര ജംബി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തോട്ടത്തിലേക്ക് പണിക്കു പോയ ജഹ്റയെ കാണാതാവുകയായിരുന്നു.
സംഭവ ദിവസം രാവിലെ ഭർത്താവാണ് ജഹ്റയെ വാഹനത്തിൽ കയറ്റി അവിടെ കൊണ്ടുവിട്ടത്. വൈകുന്നേരം തിരികെ കൊണ്ടുപോകാനെത്തിയെങ്കിലും കണ്ടെത്താനായില്ല. സമീപത്തു നടത്തിയ തിരച്ചിലിൽ ജഹ്റയുടെ ചെരിപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും ഒരു കത്തിയും കണ്ടെത്തി.
തുടർന്ന് ഭർത്താവ് പ്രദേശവാസികളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വയറുവീർത്ത് അനങ്ങാൻ കഴിയാതെ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്.
22 അടിയോളം നീളമുള്ള ഭീമൻ പെരുമ്പാമ്പിനെയാണ് ഇവർ തോട്ടത്തിൽ കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാർ പെരുമ്പാമ്പിന്റെ വയർ കീറി പരിശോധിച്ചപ്പോഴാണ് ജഹ്റയുടെ ശരീരാവശിഷ്ടങ്ങൾ വയറ്റിൽ നിന്ന് ലഭിച്ചത്.
പാമ്പിന്റെ വയറുകീറി പരിശോധിക്കുന്ന അതിന്റ വയറിനുള്ളിൽ നിന്ന് ജഹ്റയുടെ ശരീരം കണ്ടെത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ദി റിയൽ ടാർസൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ലക്ഷക്കണക്കിനാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. രണ്ട് മണിക്കൂറോളം എടുത്താകാം പെരുമ്പാമ്പ് ജഹ്റയെ വിഴുങ്ങിയതെന്നാണ് നിഗമനം. ഇരയെ കിട്ടിയാൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതാണ് ഇവയുടെ രീതി. റെറ്റിക്കുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പായിരുന്നു ഇത്. കാട്ടിൽ ഇനിയും ഭീമൻ പെരുമ്പാമ്പുകൾ ഉണ്ടാവുമെന്ന നടുക്കത്തിലും ഭീതിയിലുമാണ് പ്രദേശവാസികൾ.






