കോട്ടയം ജില്ലയിലെ ആർപ്പൂക്കര, മുളക്കുളം പഞ്ചായത്തുകളിലെ രണ്ട് ഫാമുകളിലാണ് പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്. ആർപ്പൂക്കരയിൽ 67 കുഞ്ഞുങ്ങൾ ഉൾപ്പെടെ 98, മുളക്കുളത്ത് 33 കുഞ്ഞുങ്ങൾ ഉൾപ്പെടെ 83 എന്നിങ്ങനെയാണു കൊന്നത്.
ആർപ്പൂക്കരയിൽ കഴിഞ്ഞ മാസം 11ന് ആണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതെങ്കിലും പന്നിപ്പനി സ്ഥിരീകരിച്ചുള്ള പരിശോധനാഫലം ബെംഗളൂരുവിലെ ലാബിൽ നിന്നു പുറത്തു വന്നത് കഴിഞ്ഞദിവസമാണ്.
ജില്ലയിൽ ആദ്യമായാണ് ഇത്രയും മാരകമായി രോഗബാധ ഉണ്ടാകുന്നത്. കഴിഞ്ഞയാഴ്ച പൈകയിലും രോഗബാധയേറ്റ പന്നികളെ കൊന്നിരുന്നു. രോഗബാധയുണ്ടായി ഒരാഴ്ചയ്ക്കുള്ളിൽ പന്നി ചാകുന്ന രോഗമാണിത്.
ആഫ്രിക്കൻ പന്നിപ്പനി വൈറസ് (ആഫ്രിക്കൻ സ്വൈൻ ഫീവർ വൈറസ്, എഎസ്എഫ് വി) വഴി പടരുന്ന രോഗത്തിനു മരുന്നോ പ്രതിരോധ വാക്സീനോ കണ്ടുപിടിച്ചിട്ടില്ല. രോഗബാധയുള്ള ഫാമുകളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും കൊന്നൊടുക്കേണ്ടി വരും. ആളുകളിലേക്കു രോഗം പകരില്ല.
സംസ്ഥാനത്ത് വയനാട്ടിലാണ് രോഗബാധ ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് കണ്ണൂർ, തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിലേക്കും രോഗം വ്യാപിച്ചു.
ശ്രദ്ധിക്കാൻ
∙ വളർച്ചയെത്തിയ പന്നികളെയോ കുഞ്ഞുങ്ങളെയോ ഫാമിലേക്കു കൊണ്ടുവരാതിരിക്കുക
∙ പ്രജനനത്തിനു പന്നിയെ മറ്റു ഫാമുകളിലേക്കു കൊണ്ടുപോകാതിരിക്കുക
∙ മറ്റു ഫാമുകളിൽ പോയി വരുന്ന വാഹനങ്ങൾ ഫാമിലേക്കു പ്രവേശിപ്പിക്കാതിരിക്കുക.
∙ മറ്റു ഫാമുകളിൽ നിന്നുള്ള തൊഴിലാളികളെയും ഫാമിലേക്കു പ്രവേശിപ്പിക്കാതിരിക്കുക
∙ ഫാമുകൾ സന്ദർശിക്കാൻ പോകുന്നത് ഒഴിവാക്കുക.






