കോട്ടയം: പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ധ്യാപകർ അടക്കമുള്ളവർക്ക് സമഗ്രമായ പരിശീലനം നൽകുമെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം സി.വിജയകുമാർ പറഞ്ഞു. കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടന്ന പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട കർത്തവ്യ നിർവഹണ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരയാക്കപ്പെടാൻ സാധ്യതയുള്ള വിഭാഗത്തിൽപ്പെട്ട കുട്ടികളെ തിരിച്ചറിഞ്ഞു ഇടപെടലുകൾ നടത്തിയാൽ കേസുകൾ കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി ഉദ്യോഗസ്ഥരുടേയും തദ്ദേശവകുപ്പ് പ്രതിനിധികളുടേയും ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് കൃത്യമായ യോഗങ്ങൾ ചേരണം.
ലഹരിക്കെതിരേയുള്ള പ്രവർത്തനങ്ങൾ പോക്‌സോ കേസുകൾ കുറക്കുന്നതിന് സഹായിക്കും. ഇരയായ കുട്ടികൾക്ക് റിപ്പോർട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഡോക്ടർമാർ നിർബന്ധമായും വൈദ്യപരിശോധനയും ചികിത്സയും ലഭ്യമാക്കണം. പ്രശ്‌നങ്ങളിൽ പെടുന്ന കുട്ടികളെ സ്‌കൂളുകളിൽ പുറത്താക്കുന്നതിനു പകരം അവരെ തിരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.






