Hot Posts

6/recent/ticker-posts

സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡ്


പാലാ: ടൗൺ ബസ് സ്റ്റാൻഡിൽ മദ്യപാനികളുടെയും കഞ്ചാവ് കച്ചവടക്കാരുടെയും വിഹാരകേന്ദ്രമാകുന്നു. കഞ്ചാവ് കടത്താനും മറ്റും കുട്ടികളെ ഉപയോഗിക്കുന്നതിന്റെ ചില തെളിവുകളും ആദ്യഘട്ടത്തിൽ പാലാ പൊലീസിന് ലഭിച്ചിരുന്നു. 


തുടർന്ന് പാലാ സി.ഐ കെ.പി.ടോംസണിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടത്തിയതിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനിടെ സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ 20 ൽപ്പരം പേരെയാണ് പിടികൂടിയത്. എന്നിട്ടും മാഫിയയുടെ പ്രവർത്തനം ഒളിഞ്ഞും തെളിഞ്ഞും തുടരുകയാണ്.


മഫ്തി പൊലീസ് സ്‌കൂൾ - കോളേജുകൾ വിടുന്ന സമയത്ത് സ്റ്റാൻഡിൽ കർശന നിരീക്ഷണം നടത്തുന്നുണ്ട്. രണ്ടാഴ്ച മുമ്പ് പത്ത് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘത്തെ പിടികൂടിയിരുന്നു. കുട്ടികളെ പിടിച്ചാൽ സാധാരണ നിലയിൽ മാതാപിതാക്കളെ വിളിച്ചുവരുത്തി വിവരം ധരിപ്പിക്കുകയം കുട്ടികളുടെ കൈയ്യിലുള്ള ഫോണിലെ കോൺടാക്ട് നമ്പരുകൾ വാങ്ങി തുടരന്വേഷണം നടത്തുകയുമാണ് പതിവ്.


ഇന്നലെ ടൗൺ ബസ് സ്റ്റാൻഡിൽ മദ്യപിച്ച് ലക്കുകെട്ട രണ്ട് യുവാക്കളെ മഫ്തിയിലെത്തിയ സംഘം പിടികൂടി. 20 വയസ്സിൽ താഴെയുളള ഇരുവരും ഒരു സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. മണിക്കൂറുകളോളം ഇവർ സ്റ്റാൻഡിൽ വിക്രിയകൾ കാണിച്ചതിനെ തുടർന്നാണ് യാത്രക്കാർ പൊലീസിൽ പരാതിപ്പെട്ടത്.


മാതാപിതാക്കൾ ജാഗ്രത പുലർത്തണം

കഞ്ചാവ്, പുകവലി എന്നിവയുമായി ബന്ധപ്പെട്ട് പിടികൂടിയ കുട്ടികളിൽ ഭൂരിഭാഗം പേരുടെയും കുടുംബ ബന്ധങ്ങൾ ശിഥിലമാണെന്ന് തെളിഞ്ഞു. ഇങ്ങനെയുള്ള കുടുംബങ്ങളിലെ കുട്ടികളെ ഈ ദുശ്ശീലത്തിൽ നിന്ന് പുറത്തുകൊണ്ടുവന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാൻ എല്ലാവർക്കും ബാദ്ധ്യതയുണ്ട്. കുട്ടികളുടെ ഇളം മനസ്സിനെ നോവിക്കുന്ന മാതാപിതാക്കൾ അവരുടെ ഭാവി അപകടത്തിലേക്കാണ് പോകുന്നതെന്ന് ഒരുവേളയെങ്കിലും തിരിച്ചറിയണമെന്ന് പാലാ സി.ഐ കെ.പി.ടോംസൺ പറഞ്ഞു. 

Reactions