Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട-വാഗമൺ റോഡ് പുനരുദ്ധാരണം വേഗത്തിലാക്കാൻ നടപടി


പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും, കേരളത്തിലെ തന്നെ ഏറെ ടൂറിസം പ്രാധാന്യമുള്ളതുമായ ഈരാറ്റുപേട്ട - വാഗമൺ റോഡ്  ഈരാറ്റുപേട്ട-വാഗമൺ റോഡ് പുനരുദ്ധാരണം വേഗത്തിലാക്കാൻ നടപടി. കഴിഞ്ഞ 10 വർഷക്കാലമായി താറുമാറായി ഗതാഗത യോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു. 


ഈ റോഡ് വീതി കൂട്ടി പുനർ നിർമ്മിക്കുന്നതിന് 2016-17ൽ തുക അനുവദിച്ചിരുന്നു എങ്കിലും കാര്യമായ നടപടികൾ ഒന്നും തന്നെ നടന്നിരുന്നില്ല.  പൊതുമരാമത്ത് വകുപ്പ്  അനുവദിച്ച 63.99 കോടി രൂപ നിലനിർത്തിക്കൊണ്ട് തന്നെ റോഡ് നിലവിലുള്ള സ്ഥിതിയിൽ ബിഎം& ബിസി നിലവാരത്തിൽ റീടാർ ചെയ്യുന്നതിന് 19.90 കോടി രൂപ അനുവദിച്ചു.


ഭരണാനുമതി ലഭ്യമായി നാല്പത്തി അഞ്ച് ദിവസങ്ങൾക്കുള്ളിൽ ടെൻഡർ നടപടികളും പൂർത്തീകരിച്ചു. എന്നാൽ  ടെൻഡർ ഏറ്റെടുത്ത കമ്പനിക്ക് സമയബന്ധിതമായി കാര്യക്ഷമമായി നിർമ്മാണം നടത്തുന്നതിന് കഴിഞ്ഞില്ല.


കൂടാതെ പ്രതികൂല കാലാവസ്ഥയും നല്ല നിലയിൽ റോഡ് നിർമ്മാണം നടത്തുന്നതിന് വലിയ തടസ്സമായി തീർന്നു. എല്ലാവിധ ശ്രമങ്ങളും, ഉന്നതതല ഇടപെടലുകളും നടത്തിയിട്ടും, മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് നിർമ്മാണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. 


ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസുമായി വിഷയം ചർച്ച ചെയ്യുകയും തുടർന്ന് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ  കോട്ടയം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഐഎഎസ്, അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ,   നിർമ്മാണ മേൽനോട്ട ചുമതല ഏൽപ്പിക്കപ്പെട്ടിരുന്ന കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ  ഷാനവാസ് ഐഎഎസ്, പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ചീഫ് എൻജിനീയർ  അജിത്ത് രാമചന്ദ്രൻ , പൊതുമരാമത്ത് റോഡ് വിഭാഗം കോട്ടയം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ  ജോസ് രാജൻ തുടങ്ങിയ ഉദ്യോഗസ്ഥരും യോഗം ചേർന്ന് കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു.

തുടർന്ന് റോഡ് നിർമാണം ഇപ്പോഴത്തെ കരാറുകാരനിൽ നിന്നും മാറ്റി പ്രശസ്ത പൊതുസ്ഥാപനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദ്ദേശിച്ചതിനെ തുടർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി ചർച്ച നടത്തി വരികയാണ്.

കരാറിൽ നിന്നും പിന്മാറി യുഎൽസിസി യെ പ്രവർത്തി ഏൽപ്പിക്കുന്നതിന് ഇപ്പോഴത്തെ കരാറുകാർ സമ്മതം അറിയിച്ചിട്ടുമുണ്ട്. കരാർ മാറ്റി നൽകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ നടന്നു വരികയാണ്. പരമാവധി വേഗത്തിൽ അവയെല്ലാം പൂർത്തീകരിച്ച് ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.  

യുഎൽസിസി പ്രവർത്തി ഏറ്റെടുക്കുന്ന പക്ഷം കാലാവസ്ഥ കൂടി അനുകൂലമാകുന്ന മുറയ്ക്ക് പരമാവധി വേഗത്തിൽ മികച്ച നിലവാരത്തിൽ ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ ബിഎം &ബി സി റീടാറിംഗ് പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൂടാതെ മുൻപ് അനുവദിക്കപ്പെട്ട തുക ഉപയോഗിച്ച് വീതി കൂട്ടി പുനർ നിർമ്മിക്കുന്നതിനുള്ള നടപടികളും ത്വരിതഗതിയിൽ നടന്നു വരുന്നതായും എംഎൽഎ അറിയിച്ചു. 

Reactions