പാലാ: പുതിയ ദൂരവും ഉയരവും വേഗവും തീര്‍ക്കാനായി ജില്ലയിലെ കൗമാരക്കുരുന്നുകള്‍ പാലായിലെ കളിക്കളത്തിലിറങ്ങിയപ്പോള്‍ ആദ്യദിനം പിറന്നത് രണ്ടു മീറ്റ് റിക്കാര്‍ഡുകള്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍, ജൂണിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ എന്നിവയിലാണ് റിക്കാര്‍ഡുകള്‍ പിറന്നത്.
ആദ്യദിന മത്സരങ്ങള്‍ പൂർത്തിയാകുമ്പോൾ ദ്രോണാചാര്യ കെ.പി.തോമസ് മാഷിന്‍റെ ചിറകിലേറി പൂഞ്ഞാര്‍ എസ്‌എംവിയുടെ കരുത്തില്‍ ഈരാറ്റുപേട്ട ഉപജില്ല 106 പോയിന്‍റ് നേടി ഒന്നാം സ്ഥാനത്ത് ആധിപത്യമുറപ്പിച്ചു.
14 സ്വര്‍ണവും 10 വെള്ളിയും ആറു വെങ്കലവും നേടിയാണ് ഈരാറ്റുപേട്ട എതിരാളികളെ ബഹുദൂരം പിന്നിലാക്കിയത്. ആറു സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്നു വെങ്കവും നേടി 48 പോയിന്‍റോടെ പാലാ സബ്ജില്ലയാണ് രണ്ടാം സ്ഥാനത്ത് നാലു സ്വര്‍ണവും രണ്ടു വെള്ളിയും ഏഴ് വെങ്കലവും നേടി 33 പോയിന്‍റോടെ കാഞ്ഞിരപ്പള്ളി സബ്ജില്ലയാണ് മൂന്നാം സ്ഥാനത്ത്.
ഒരു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവും നേടി 14 പോയിന്‍റോടെ കോട്ടയം ഈസ്റ്റാണ് നാലാം സ്ഥാനത്ത്. 13 പോയിന്‍റോടെ ചങ്ങനാശേരി അഞ്ചാം സ്ഥാനത്തും 11 പോയിന്‍റോടെ പാമ്പാടി ആറാം സ്ഥാനത്തുമാണ്.
ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ജോസ് കെ മാണി എംപി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇന്നു രാവിലെ എട്ടു മുതല്‍ അഞ്ചു കിലോമീറ്റര്‍, മൂന്നു കിലോമീറ്റര്‍, സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപ് ഫൈനല്‍, സീനിയര്‍, സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും പോള്‍ വാള്‍ട്ട് ഫൈനല്‍, ഡിസ്‌കസ് ത്രോ, ഹാമര്‍ ത്രോ, ലോംഗ ജംപ്, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, 400 മീറ്റര്‍ ഓട്ടമത്സരം എന്നിവയുടെ ഫൈനല്‍ മത്സരങ്ങളും നടക്കും. ഉച്ചകഴിഞ്ഞ് റിലേ മത്സരങ്ങളും നടക്കും.






