പാലാ: കോട്ടയം ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രമായ പാലാ കെ.എം.മാണി മെമ്മോറിയല്‍ ഗവ.ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം ലഭിക്കാന്‍ നടപടിസ്വീകരിക്കുമെന്ന് ജോസ്.കെ മാണി എം.പി അറിയിച്ചു.
നിരവധി സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും പുതിയ ബഹുനില കെട്ടിട സമുച്ചയങ്ങളുമുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയാണ് പാലാ ജനറല്‍ ആശുപത്രി.
341 കിടക്ക സൗകര്യമുള്ള ആശുപത്രിയിലെ ഗുണനിലവാരവും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡാര്‍ഡ് (എന്‍.ക്യു.എ.എസ്) പ്രകാരമുള്ള നിബന്ധനങ്ങള്‍ പാലിച്ചാണ് അംഗീകാരം ലഭ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി ആരോഗ്യ വകുപ്പിന്റെ പ്രാഥമിക ശുപാര്‍ശ നല്‍കി കഴിഞ്ഞു. അംഗീകാരം ലഭിച്ചാല്‍ 50 ലക്ഷം രൂപ നവീകരണത്തിനും പരിപാലനത്തിനുമായി ആശുപത്രിക്ക് മാത്രമായി ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ,ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബൈജു കൊല്ലംപറമ്പിൽ, സൂപ്രണ്ട് ഡോ. ഷമ്മി രാജന്‍, ഡോ.പി.എസ്.ശബരിനാഥ്, ഡോ.സോളി മാത്യു, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജി ജോ ജോ ,ബിജു പാലൂപടവന്‍, ജയ്‌സണ്‍ മന്തോട്ടം എന്നിവരുമായി ജോസ് കെ മാണി ചര്‍ച്ച നടത്തി.






