Hot Posts

6/recent/ticker-posts

വാക്‌സിന്‍ ഗുണനിലവാരമുള്ളതെന്ന് റിപ്പോര്‍ട്ട്!


തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്ത പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ ഗുണനിലവാരമുള്ളതെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ പേവിഷബാധ മൂലം മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ അതുസംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച വിദഗ്ത സമിതി ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിക്കുമെന്നും തുടർന്ന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ പേവിഷബാധ മൂലം സംഭവിച്ച 21 മരണങ്ങളെ കുറിച്ച് സമിതി വിശദമായ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മരണപ്പെട്ട 21 പേരില്‍ 15 പേർ നായയുടെ കടിയേറ്റത് അവഗണിച്ച് പ്രതിരോധ ചികിത്സ തേടാത്തവരായിരുന്നു. 


അതില്‍ ആറുപേർ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ട്. എങ്കിലും ഞരമ്പുകള്‍ കൂടുതലായുള്ള മുഖം, ചുണ്ട്, ചെവി, കണ്‍പോളകള്‍, കഴുത്ത്, കൈ വെള്ള എന്നിവിടങ്ങളില്‍ മുറിവേറ്റവരായിരുന്നു. കടിയേറ്റപ്പോള്‍ റാബിസ് വൈറസ് ഞരമ്പുകളില്‍ കയറിയിട്ടുണ്ടാകാം എന്നാണ് വിദഗ്ത സമിതിയുടെ വിലയിരുത്തല്‍.


വാക്‌സിന്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നിവ കേന്ദ്ര ലബോറട്ടറികളില്‍ പരിശോധന നടത്തിയതില്‍ ഗുണനിലവാരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വാക്‌സിന്‍ എടുത്ത വ്യക്തികളില്‍ ആന്‍റിബോഡികളുടെ സാന്നിധ്യം ആവശ്യമുള്ള തോതില്‍ ഉണ്ടെന്നും പരിശോധനയില്‍ കണ്ടത്താനായി.


മൃഗങ്ങളുടെ കടിയേറ്റ് മരണപ്പെട്ടവരുടെ വീട്ടില്‍ ചെന്ന് കടിയേല്‍ക്കാനുണ്ടായ സാഹചര്യം, പ്രഥമ ശ്രൂഷയുടെ വിവരങ്ങള്‍, പ്രതിരോധ മരുന്നുകളുടെ ലഭ്യത, പ്രതിരോധ കുത്തിവെപ്പിന്റെ വിശദാംശങ്ങള്‍, ചികിത്സാ രേഖകള്‍, ആശുപത്രിയിലെ സൗകര്യങ്ങള്‍, വാക്‌സിന്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പ് ഡയറക്ടര്‍ തോമസ് മാത്യു വിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ ഡബ്ല്യുഎച്ച്ഒ കോളബോറേറ്റീവ് സെന്റര്‍ ഫോര്‍ റഫറന്‍സ് ആന്‍ഡ് റിസര്‍ച്ച് ഫോര്‍ റാബിസ്, നിംഹാന്‍സ്, ബെംഗളൂരു അഡിഷണല്‍ പ്രൊഫസര്‍ ഡോക്ടര്‍ റീത്ത എസ് മണി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോക്ടര്‍ അരവിന്ദ്, പാലോട് സ്‌റ്റേറ്റ് അന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ സ്വപ്ന സൂസന്‍ എബ്രഹാം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഡയറക്ടര്‍ ഡോക്ടര്‍ ഇ. ശ്രീകുമാര്‍, ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ട്ര്‍ ഡോക്ടര്‍ എസ്. ഹരികുമാര്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍ പി.എം. ജയന്‍ എന്നിവരായിരുന്നു വിദഗ്ത സമിതി അംഗങ്ങള്‍.

Reactions