കാലപ്പഴക്കംമൂലം സൂപ്പര്‍ ക്ലാസ് സര്‍വീസ് നടത്താനുള്ള അനുമതി ഉടന്‍ റദ്ദാകാന്‍ പോകുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് ഒരുകൊല്ലംകൂടി 'ആയുസ്സ്' നീട്ടിനല്‍കി. കെ.എസ്.ആര്‍.ടി.സി.യുടെ ഉടമസ്ഥതയിലുള്ള ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, പ്രീമിയം എ.സി. വിഭാഗത്തിലുള്ള സൂപ്പര്‍ ക്ലാസ് ബസ്സുകളുടെ അനുവദനീയ കാലപരിധി ഒന്‍പതുവര്‍ഷമാണ്.
അഞ്ചുവര്‍ഷമായിരുന്ന കാലപരിധി രണ്ടുതവണ നീട്ടിയാണ് ഒന്‍പതുവര്‍ഷമാക്കിയത്. പുതിയ ഉത്തരവോടെ പത്തുവര്‍ഷംവരെ കാലപ്പഴക്കമുള്ള ഫാസ്റ്റ് പാസഞ്ചര്‍മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ക്ക് സര്‍വീസ് നടത്താനാകും.
അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസ്സുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കരുതെന്നാണ് ചട്ടം. ടോമിന്‍ ജെ.തച്ചങ്കരി എം.ഡി. ആയിരുന്നപ്പോള്‍ കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി ഈ ചട്ടം ഇളവുചെയ്ത് ഏഴുവര്‍ഷമാക്കി ഉയര്‍ത്തിയിരുന്നു. പെര്‍മിറ്റ് കാലാവധി ഒന്‍പതുവര്‍ഷമാക്കി ഉയര്‍ത്തണമെന്ന് അന്ന് കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെട്ടെങ്കിലും അനുമതി നിഷേധിച്ചു.
ഏഴുവര്‍ഷ കാലപരിധി അവസാനിച്ച് പെര്‍മിറ്റ് റദ്ദാകുമെന്നുവന്നപ്പോള്‍ ഒന്‍പതുവര്‍ഷമാക്കിനല്‍കി. ഇപ്പോള്‍ ഒരുവര്‍ഷംകൂടി ആയുസ്സ് നീട്ടിക്കിട്ടിയ സൂപ്പര്‍ ക്ലാസ് ബസ്സുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തണമെങ്കില്‍ പുതിയ ബസ്സുകള്‍ ഇപ്പോഴെങ്കിലും വാങ്ങണം. പുതിയ ബസ്സുകള്‍ ബോഡിചെയ്ത് നിരത്തിലിറക്കാന്‍ ചുരുങ്ങിയത് ആറുമാസമെടുക്കും. നിലവില്‍ പുതിയ ബസ്സുകള്‍ വാങ്ങുന്നതിനുള്ള ഒരു നീക്കവും കെ.എസ്.ആര്‍.ടി.സി. നടത്തിയിട്ടില്ല.
എന്നാല്‍ കെ-സ്വിഫ്റ്റിനുവേണ്ടി 400 ബസ്സുകള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബറില്‍ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്ന 159 സൂപ്പര്‍ക്ലാസ് ബസ്സുകളാണ് കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്. നാലുമാസംമാത്രം കാലാവധി ബാക്കിയുള്ള 413 ബസ്സുകളുമുണ്ട്. ഇവയ്‌ക്കെല്ലാം ഇനി ഒരുവര്‍ഷംകൂടി സൂപ്പര്‍ക്ലാസ് സര്‍വീസ് നടത്താനാകും.






