Hot Posts

6/recent/ticker-posts

കെ.എം മാണി മെമ്മോറിയൽ കർഷക അവാർഡ് വിതരണം 23 ന്


മീനച്ചിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ വാർഷിക പൊതുയോഗവും മികച്ച കർഷകർക്കുള്ള കെ.എം മാണി സ്മാരക പുരസ്കാര വിതരണവും ഡിസംബർ 23 ന് നടക്കും. മീനച്ചിൽ താലൂക്കിൽ കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കാർഷിക കാർഷികേതര ദീർഘകാല വായ്പകൾ നൽകി വരുന്ന സ്ഥാപനമാണ് മീനച്ചിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്. 


ബാങ്കിന്റെ 57-ാ മത് വാർഷിക പൊതുയോഗം 2022 ഡിസംബർ 23-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പാലാ വ്യാപാരഭവനിൽ നടക്കും. ബാങ്ക് പ്രസിഡന്റ് കെ.പി ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ തന്നാണ്ട് വരവു ചെലവു കണക്കുകളും അടുത്ത വർഷത്തെ ബഡ്ജറ്റും ബൈലോ ഭേദഗതികളും സെക്രട്ടറി ജോസിയമ്മ ജോസഫ് അവതരിപ്പിക്കും. 


തുടർന്ന് ബാങ്ക് ഈ വർഷം ഏർപ്പെടുത്തിയ മികച്ച കർഷകർക്കുള്ള കെ.എം. മാണി സ്മാകര കർഷക പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഒന്നാം സമ്മാനമായി 25000/ രൂപയും ഫലകവും പ്രശസ്തി പത്രവും, രണ്ടാം സമ്മാനമായി 15000 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകും. ബാങ്ക് അംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കർഷകർക്കാണ് അവാർഡുകൾ നൽകുന്നത്. 


കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അബ്രാഹം മാത്യു അവാർഡുകൾ വിതരണം ചെയ്യും. ബാങ്ക് അംഗങ്ങളുടെ മക്കളായ  മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പുകളുടെ വിതരണവും മുഖ്യ പ്രഭാഷണവും ജോസ് കെ. മാണി എം.പി. നിർവ്വഹിക്കും. 


യോഗത്തിന് ആശംസകൾ നേർന്നുകൊണ്ട് സഹകരണ രംഗത്തെ പ്രശസ്തരായ നേതാക്കൾ സംസാരിക്കുന്നതാണ്. പ്രസിഡന്റ്‌ കെ പി ജോസഫ്, വൈസ് പ്രസിഡന്റ്‌ ബെറ്റി ഷാജി തുരുത്തേൽ,സെക്രട്ടറി ജോസിയമ്മ ജോസഫ്, ഔസേപ്പച്ചൻ വാളിപ്ളാക്കൽ,ബെന്നി തെരുവത്ത്, ടി ജി ബാബു, അസിസ്റ്റന്റ് സെക്രട്ടറി ജോ പ്രസാദ് കുളിരാനി എന്നിവർ  വാർത്താസമ്മേളനത്തിൽ പങ്കെ‌ടുത്ത്  സംസാരിച്ചു.

Reactions