കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂര്‍, നീണ്ടൂര്‍, ആര്‍പ്പൂക്കര പഞ്ചായത്തുകളിലായി 6017 പക്ഷികളെ ദയാവധം നടത്തി. വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ 133 താറാവുകളെയും 156 കോഴികളെയും, നീണ്ടൂര്‍ പഞ്ചായത്തില്‍ 2753 താറാവുകളെയും ആര്‍പ്പൂക്കരയില്‍ 2975 താറാവുകളെയുമാണ് ദയാവധം ചെയ്‌തത്.
ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍ ഡോ.ബിന്ദുരാജ്, ഡോ.അജയകുമാര്‍, വെച്ചൂര്‍ പഞ്ചായത്തില്‍ ഡോ.നിമ്മി ജോര്‍ജ്, ഡോ.ഫിറോസ്, ഡോ.ശരത് കൃഷ്‌ണന്‍, നീണ്ടൂര്‍ പഞ്ചായത്തില്‍ ഡോ.പ്രസീന ദേവ്, ഡോ.അനില്‍, ഡോ.അരുണ്‍ എന്നിവരാണ് ദ്രുതകര്‍മ്മസേനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഷാജി പണിക്കശ്ശേരി, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ മനോജ്‌കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജയദേവന്‍, ജില്ലാ എപിഡിമിയോളജിസ്റ്റ് ഡോ.രാഹുല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
രോഗബാധയേറ്റ് മൂന്നുമുതല്‍ അഞ്ചുദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയും കൂട്ടത്തോടെയുള്ള മരണം ഉണ്ടാവുകയും ചെയ്യുന്നതാണ്. സാധാരണ ഈ വൈറസുകള്‍ മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും ശ്രദ്ധിക്കണം. മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, റവന്യൂ, പൊലീസ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്നീ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിനും ജില്ല കലക്‌ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
നേരത്തെ ആര്‍പ്പൂക്കരയിലും വൈക്കം തലയാഴത്തും വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. ആര്‍പ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്‌ലര്‍ കോഴി ഫാമിലും പക്ഷികള്‍ ചത്തൊടുങ്ങിയതിനെത്തുടര്‍ന്ന് സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചതിനെ തുടര്‍ന്നാണ് രോഗബാധ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എണ്ണായിരത്തോളം പക്ഷികളെ ദയാവധം ചെയ്‌ത് സംസ്‌കരിച്ചിരുന്നു.
രോഗം കണ്ടെത്തിയ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് അന്നും മൃഗസംരക്ഷണ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്‌ത് സംസ്‌കരിച്ചത്.





