Hot Posts

6/recent/ticker-posts

പാലാ ന​ഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഇന്ന് സ്ഥാനമൊഴിയുന്നു


കഴിഞ്ഞ രണ്ട് വർഷം പാലാ ന​ഗരസഭയെ നയിച്ച ന​ഗരപിതാവ് ആന്റോ ജോസ് പടിഞ്ഞാറേക്കര ഇന്ന് (ഡിസംബർ 28) പടിയിറങ്ങുന്നു. കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായ ആന്റോ ജോസ് എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരമാണ് രാജിവെക്കുന്നത്.


പാലാ ന​ഗരസഭയുടെ അമരക്കാരനായി രണ്ട് വർഷക്കാലത്തെ മികച്ച പ്രവർത്തനത്തിന് ശേഷമാണ് ആന്റോ ജോസ് പ‌ടിഞ്ഞാറേക്കര സ്ഥാനമൊഴിയുന്നത്. ആ​ദ്യ ര​ണ്ടു​വ​ർ​ഷം കേ​ര​ള കോ​ൺ​ഗ്ര​സ് എമ്മിനും മൂ​ന്നാം വ​ർ​ഷം സി.​പി.​എ​മ്മി​നും അ​വ​സാ​ന ര​ണ്ട് വ​ർ​ഷം വീ​ണ്ടും കേരളാ കോ​ൺ​ഗ്ര​സ് എമ്മിനും ചെയർമാൻ സ്ഥാനം എന്നതായിരുന്നു ധാരണ. ഇതനുസരിച്ചാണ് രണ്ട് വർഷം പൂർത്തിയാക്കി അദ്ദേഹം രാജിവയ്ക്കുന്നത്. 
കക്ഷി രാഷ്‌ട്രീയ ഭേദമന്യേ കൗൺസിലേഴ്സും സ്റ്റാൻഡിം​ഗ് കമ്മിററി അം​ഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ചതായും അതിന് എല്ലാവരെയും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് മുന്നണിയിൽ നിന്നും മികച്ച പിന്തുണ ലഭിച്ചതായും ആന്ഡറോ ജോസ് പറഞ്ഞു.


തന്റെ ഭരണകാലത്ത് പാലാ ന​ഗരസഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാൻ സാധിച്ചത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അവസരത്തിൽ മാധ്യമ പ്രവർത്തകർക്കടക്കം നന്ദി അറിയിക്കാനും ആന്ഡറോ പടിഞ്ഞാറേക്കര മറന്നില്ല.


രാജി വയ്ക്കുന്നതിന് മുന്നോടിയായി ആന്റോ ജോസ് പടിഞ്ഞാറേക്കര പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു. പടിയിറങ്ങുന്ന ദിവസമായ ഡിസംബർ 28 ന് രാവിലെ എട്ട് മണിയോടെയാണ് ആന്റോ ജോസ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയത്. 




എൻ എസ് എസ്, എസ് എൻ ഡി പി തുടങ്ങിയ സംഘടനകളും തനിക്കു ഭരണ കാര്യങ്ങളിൽ നിർലോഭ പിന്തുണ നൽകിയതായും ആന്റോ ജോസ് പറഞ്ഞു. എല്ലാ സംഘടനകളെയും സമഭാവനയോടെ കണ്ടാണ് താൻ ഭരണം നയിച്ചതെന്ന് ആന്റോ ജോസ് കൂട്ടിച്ചേർത്തു. 

ചൊവ്വാഴ്ച വൈകിട്ട് ചെയർമാന്റെ വസതിയിൽ എല്ലാ കൗൺസിലർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൽക്കാരം  നടത്തിയിരുന്നു. രാഷ്ട്രീയ ​ഗുരു  കെ എം മാണിയുടെ പത്നി കുട്ടിയമ്മ മാണിയെയും ആന്റോ ജോസ് സന്ദർശിച്ചു. കുട്ടിയമ്മ മാണിയ്ക്ക് പൂക്കൾ നൽകിയാണ് ആന്റോ വിട ചോദിച്ചത്.

Reactions