Hot Posts

6/recent/ticker-posts

പനിച്ചുവിറച്ച് കോട്ടയം; രോഗബാധിതരുടെ എണ്ണത്തിൽ വർധന

പ്രതീകാത്മക ചിത്രം

കോട്ടയം ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധന. ജനറൽ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ചികിത്സ തേടുന്നവരിൽ ഭൂരിഭാഗവും പനിബാധിതരാണ്. സ്വകാര്യ ആശുപത്രികളിലും പനിക്കാരാണ് കൂടുതൽ. 


ഒപി സമയം കഴിഞ്ഞും ചികിത്സ തേടി എത്തുന്നവരുടെ നീണ്ട നിരയാണ് ജനറൽ ആശുപത്രിയിൽ. ഈ മാസം ഇതു വരെ സർക്കാർ ആശുപത്രികളിൽ 14,403 പേർ ചികിത്സ തേടി. ദിനംപ്രതി അഞ്ഞൂറിലധികം പേർ പനി ബാധിതരായി ചികിത്സ തേടുന്നുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇരട്ടിയോളമാണ് പനിബാധിതർ. 


കുട്ടികളെയും മുതിർന്നവരെയും വൈറൽ പനി ഒരു പോലെ ബാധിക്കുന്നുണ്ട്. ശക്തമായ തൊണ്ട വേദന, ശ്വാസ തടസ്സം, വർധിച്ച ശരീരതാപനില, ശരീരവേദന, എന്നിവയാണ് ലക്ഷണങ്ങൾ. കോവിഡനന്തരം പ്രതിരോധ ശേഷി കുറഞ്ഞവരാണ് പനി ബാധിച്ചാൽ കൂടുതൽ അവശരാകുന്നത്. മൂന്ന് മാസം വരെ നീളാവുന്ന കടുത്ത ചുമയും ശ്വാസതടസ്സവും ഉണ്ടാവാം. 


പുതിയ കോവിഡ് വ്യാപന ഭീതി നിലനിൽക്കുമ്പോൾ മറ്റൊരു മഹാമാരിയല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കോവിഡിന് സമാനമായ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഡിസംബർ മാസത്തിലെ തണുപ്പും പിന്നീടുള്ള വെയിലും നിറഞ്ഞ കാലാവസ്ഥയാണ് രോഗത്തിനു പ്രധാന കാരണം. മഞ്ഞു കാലമായതിനാൽ കുട്ടികളെ വലിയ രീതിയിൽ പനി ബാധിക്കുന്നുണ്ട്.



മെഡിക്കൽ കോളജ് ആശുപത്രി പനി ബാധിതരുടെ എണ്ണത്തിൽ വർധനയില്ല. ആരോഗ്യ സ്ഥിതി മോശമായ കേസുകളാണ് ആശുപത്രിയിൽ കൂടുതലായി എത്തുന്നത്. പൊതുവേ പനി വർധിക്കുന്ന സാഹചര്യത്തിൽ പനി ക്ലിനിക്കുകൾ ആരംഭിക്കും.

Reactions