അമലോത്ഭവ ജൂബിലി തിരുനാളിന്റെ ഭാഗമായ സാംസ്കാരിക ഘോഷയാത്ര പ്രൗഢോജ്ജ്വലമായി. പാലായുടെ അഭിമാന കായികതാര ദമ്പതികളായ ഷൈനി വിൽസണും വിൽസൺ ചെറിയാനും ചേർന്നാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്.മീനച്ചിൽ കർത്തായിൽ നിന്നും ഫ്ലാഗ് സ്വീകരിച്ചാണ് ഘോഷയാത്രക്ക് തുടക്കമായത്.
മയിലാട്ടം, കോഴിഡാൻസ്, ഒട്ടകപക്ഷി നൃത്തം, കരയാട്ടം, ആദിവാസി പൈതൃക നൃത്തം, സിനിമ താരങ്ങളുടെ ഡ്യൂപ്പ്, പൊയ്ക്കാൽ നൃത്തം തുടങ്ങി 50 ഓളം കലാരൂപങ്ങൾ ഒന്നിച്ചെത്തിയ വിരുന്നാണ് പാലായ്ക്കായി ഒരുങ്ങിയത്. ഘോഷയാത്ര പാലാ സെന്റ് തോമസ് സ്കൂളിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി മഹാറാണി ജംഗ്ഷനിലെത്തി സമാപിച്ചു. കൂടാതെ ടൂ വീലർ ഫാൻസി ഡ്രസ്സ് മത്സരവും, തുടർന്ന് ടാബ്ലോ മത്സരങ്ങളും നടന്നു.
വൈകുന്നേരം തിരുനാൾ പ്രദക്ഷിണം. കുരിശുപള്ളിയില്‍ നിന്നും മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് ളാലം പഴയപള്ളി ഗ്രോട്ടോ, മാര്‍ക്കറ്റ് ജംഗ്ഷന്‍, സിവില്‍ സ്‌റ്റേഷന്‍, ടി ബി റോഡിലുള്ള പന്തല്‍, ന്യൂ ബസാര്‍, കട്ടക്കയം റോഡിലുള്ള പന്തല്‍, ളാലം പഴയപാലം ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെ രാത്രി 8.45 ന് തിരികെ കുരിശുപളളിയിലെത്തും.
തുടർന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ സന്ദേശവും വിശുദ്ധ കുർബാനയുടെ ആശീർവാദവും നിർവഹിക്കും. ശേഷം സമ്മാനദാനവും നടക്കും. വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൃതജ്ഞത അർപ്പിക്കും.
9നു രാവിലെ 5.30നു വിശുദ്ധ കുർബാന, 11.30നു മാതാവിന്റെ തിരുസ്വരൂപം കപ്പേളയിൽ തിരികെ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ സമാപിക്കും.







