ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിനെതിരെ കേസ്. സംവിധായകൻ, നിർമാതാവ് എന്നിവർക്കെതിരെയാണ് എക്സൈസ് കേസെടുത്തത്.
ട്രെയിലറിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഉൾപ്പെടുത്തിയതാണ് കേസിനാധാരം. എക്സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി, എൻഡിപിഎസ് നിയമങ്ങൾ പ്രകാരം കേസ് എടുത്തത്.
വെള്ളിയാഴ്ചയാണ് ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ടീസറിൽ കഥാപാത്രങ്ങൾ മാരക ലഹരി വസ്തുവായ എം.ഡി.എം.എ ഉപയോഗിക്കുന്നരംഗമാണ് മുഴുനീളെ.
ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേർത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമർ ലുലുവിനും നിർമാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്.
ഇർഷാദാണ് ചിത്രത്തിൽ നായകൻ. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാർ. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.






