Hot Posts

6/recent/ticker-posts

പാലാ നഗരസഭയിൽ വളർത്ത് നായ്ക്കൾക്ക് പേ വിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പ് ആരംഭിച്ചു


പാലാ: പേവിഷബാധയ്ക്കെതിരെ പാലാ നഗരസഭാ പ്രദേശത്തുള്ള വളർത്ത് നായ്ക്കൾക്ക് സൗജന്യ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. വളർത്ത് നായകൾക്കുള്ള സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പിൻ്റെ ഉദ്ഘാടനം പാലാ മുൻസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര നിർവഹിച്ചു.


പാലാ നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ, സീനിയർ വെറ്റിനറി സർജൻ ഡോ.സാജൻ മോൻ കെ ആൻറണി, വെറ്റിനറി ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


ഇന്നും (വ്യാഴം) നാളെയും (വെള്ളി) ആയിട്ടാണ് ക്യാമ്പുകൾ നടക്കുന്നത്. ഇന്ന് (വ്യാഴം) രാവിലെ 9 ന് കൊണ്ടാട്ടുകടവ് ജംഗ്ഷനിൽ ആരംഭിച്ച ക്യാമ്പ്, ഉച്ചതിരിഞ്ഞ് 12.30 ന് പുത്തൻപള്ളിക്കുന്ന് ജംഗ്ഷനിൽ എത്തിച്ചേർന്നു. തുടർന്ന് 3.15 ന് പരിപ്പിൽകുന്നിൽ അവസാനിക്കുന്നതും ആണ്. 


വെള്ളിയാഴ്ചത്തെ ക്യാമ്പ് രാവിലെ 9 മണിക്ക് ഞൊണ്ടിമാക്കൽ കവലയിൽ ആരംഭിക്കും ഉച്ചതിരിഞ്ഞ് 12.20ന് ജോസ് ജംഗ്ഷനിൽ എത്തിച്ചേരുന്നതും തുടർന്ന് 3.30ന് മുക്കാലിക്കുന്ന് വാട്ടർ ടാങ്കിനു സമീപം അവസാനിക്കുന്നതുമാണ്. 

 
കുത്തിവച്ച നായ്ക്കൾക്ക് സ്പോട്ടിൽ തന്നെ വാക്സിനേഷൻ സർട്ടിഫിക്കറ്റും നല്കും. നഗരസഭാ പ്രദേശത്തുള്ള എല്ലാ നായ്ക്കളെയും ക്യാമ്പുകളിൽ കൊണ്ടുവന്ന് പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കണമെന്നും നഗരസഭയും വെറ്റിനറി ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തുന്ന ഈ സംരംഭം വിജയിപ്പിക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.

Reactions