Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട- വാഗമൺ റോഡ്; പൊടി കൊണ്ട് പൊറുതിമുട്ടി ജനം


ഈരാറ്റുപേട്ട- വാഗമൺ റോഡിൽ ടാറിങ് നടത്താത്ത ഭാഗങ്ങളിലെ പൊടി ശല്യം ആളുകൾക്ക് സഹിക്കാൻ വയ്യാതായിട്ട് കാലങ്ങളായി. ഇവിടെ കുഞ്ഞുങ്ങളും പ്രായമായവരും അസുഖക്കാരും ഉൾപ്പെടെയുള്ളവർ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം ദുരിതത്തിലായിരിക്കുകയാണ്.


ചൂടു കൂടി വരുന്ന ഇപ്പോഴത്തെ കാലാവസ്ഥയിൽ രാവിലെ 8- 8.30 മണി ആകുമ്പോൾ തന്നെ റോഡിന്റെ പല ഭാഗങ്ങളും പൊടികൊണ് മൂടുകയാണ്. വൻ തോതിലുള്ള മൂടൽമഞ്ഞു മൂടിയതുപോലെയാണ് ഒരു വണ്ടി കടന്നുപോയാൽ റോഡിന്റെ അവസ്ഥ. 


വശങ്ങളിലുള്ള വൻ മരങ്ങളിൽ മുതൽ പുൽകൊടികളിൽ വരെ പൊടി പൊതിഞ്ഞിരിക്കുകയാണ്. റോഡ് തകർന്നത് കൊണ്ട് തന്നെ ആകെ മൊത്തം പ്രതിസന്ധിയിൽ ആയ ജനത്തിന് പൊടി ശല്യം കൂടി രൂക്ഷമായത്തോടെ ഇടി വെട്ടിയവരെ പാമ്പ് കടിച്ച സ്ഥിതിയായി. 


ഒന്ന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല റോഡ് സൈഡിൽ താമസിക്കുന്നവർക്ക്. തുണി വിരിച്ചു ഇട്ടാൽ നിമിഷങ്ങൾക്കകം അതിൽ പൊടി പൊതിയും. വീടിന്റെ ഭിത്തിയിലും പാർക്ക്‌ ചെയ്തിരിക്കുന്ന വാഹനങ്ങളിലും എന്നുവേണ്ട സകല ഇടതും പൊടി തന്നെ പൊടി.


പല തവണ പലരോടും പറഞ്ഞിട്ടും ഈ റോഡ് എന്ന് നന്നാക്കുമെന്നും തങ്ങളുടെ ദുരിതത്തിന് എന്ന് പരിഹാരം ആകുമെന്നും അറിയാത്ത അവസ്ഥയിലാണ് ഇവിടങ്ങളിൽ ഉള്ളവർ.ഇനിയെങ്കിലും അധികാരികൾ കണ്ണുതുറക്കേണ്ടതാണ്.

Reactions