ശബരിമല മകരവിളക്ക് ഉത്സവകാലത്തെ തിരക്ക് നിയന്ത്രിക്കാൻ 1409 അംഗ പോലീസ് സംഘം വെള്ളിയാഴ്ച ചുമതലയേറ്റു. ജനുവരി ഒമ്പതുവരെ ഇവരാകും 12 മേഖലകളിലെ തിരക്ക് നിയന്ത്രിക്കുക. മണ്ഡലകാലത്ത് നട തുറന്നതിനുശേഷം പോലീസിന്റെ അഞ്ചാമത്തെ സംഘമാണ് ഇത്.
സ്പെഷ്യൽ ഓഫീസർ വി.എസ്.അജിയാണ് നേതൃത്വം നൽകുക. പോലീസുകാർക്കുള്ള ഡ്യൂട്ടി വിശദീകരണയോഗം സന്നിധാനത്തെ വലിയനടപ്പന്തലിൽ നടന്നു. പോലീസിനുള്ള 57 ഇന നിർദേശങ്ങളും കൈമാറി. അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ തപോഷ് ബസ്മത്ത്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. തുടർന്ന് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിൽ സെക്ടറുകളുടെ പ്രത്യേക യോഗങ്ങളും നടന്നു.
ഒരു എ.എസ്.പി, 12 ഡിവൈ.എസ്.പി.മാർ, 33 സി.ഐ.മാർ, 109 എസ്.ഐ.-എ.എസ്.ഐ.മാർ, 1254 സിവിൽ പോലീസ് ഓഫീസർമാർ എന്നിവരാണ് സംഘത്തിലുള്ളത്. കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, കെ.എസ്.ഇ.ബി., ശരംകുത്തി, സന്നിധാനം ഒന്ന്, സന്നിധാനം രണ്ട്, മരക്കൂട്ടം, പാണ്ടിത്താവളം, സ്ട്രൈക്കർ, പുണ്യം പൂങ്കാവനം എന്നീ മേഖലകളിലാണ് ഇവരുണ്ടാകുക.
പൊതുസുരക്ഷയ്ക്കും ഭണ്ഡാരസുരക്ഷയ്ക്കും ഇന്റലിജൻസ്, ടെലി കമ്യൂണിക്കേഷൻ തുടങ്ങിയവയ്ക്കും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ഒരു മിനിറ്റിൽ ശരാശരി 75 മുതൽ 80 പേരെവരെ പതിനെട്ടാംപടി കയറ്റിവിടുമെന്നും തിരക്ക് വർധിക്കുമ്പോൾ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഏകോപനത്തിലൂടെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുമെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസറും എ.ഐ.ജി.യുമായ വി.എസ്.അജി പറഞ്ഞു.
മകരവിളക്ക് മഹോത്സവത്തിന് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. അയ്യപ്പന്മാർക്ക് മികച്ച ദർശനം നടത്താനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.






