പാലാ ടിമ്പർ മർച്ചന്റ് അസോസിയേഷൻ ഓഫീസ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ അടിച്ചു തകർത്തതായി പരാതി. അക്രമണത്തിൽ പരിക്കേറ്റ അസോസിയേഷൻ ഭാരവാഹികളെ പാല ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയും ആക്രമണം നടത്തിയെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇന്നലെ (ഡിസംബർ 30) വൈകിട്ട് എട്ടുമണിയോടെയായിരുന്നു സംഭവം. അമ്പതോളം പേർ യാതൊരു പ്രകോപനവും ഇല്ലാതെ ടിംബർ മർച്ചന്റ് അസോസിയേഷൻ ഓഫീസിലെത്തുകയും മാരക ആയുധങ്ങളുമായി ആക്രമണം നടത്തുകയുമായിരുന്നു എന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ അസോസിയേഷൻ ഭാരവാഹികളായ ജയ്സൺ മുടക്കാലിൽ, രാജു മണ്ണ് ചെരുവിൽ തുടങ്ങിയവരെ പാലാ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ ആശുപത്രിയിൽ എത്തിയ സാമൂഹ്യവിരുദ്ധർ രാജു മണ്ണുചെരുവിലിനെ സന്ദർശിക്കാൻ എത്തിയ മകൻ ജോമിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.







