കോട്ടയം: ശിശുക്ഷേമസമിതിക്ക് കീഴിൽ പ്രവർത്തിച്ചിരുന്ന മാങ്ങാനത്തെ നിർഭയകേന്ദ്രം വനിതാ ശിശുവികസന വകുപ്പ് പൂട്ടി. പോക്സോ ഇരകളടക്കം 9 പെൺകുട്ടികൾ രാത്രിയിൽ അധികാരികളറിയാതെ ഷെൽട്ടർ ഹോമിൽനിന്ന് ചാടിപ്പോയ സംഭവത്തെ തുടർന്നാണ് വനിത ശിശു വികസന വകുപ്പിന്റെ നടപടി.
മാങ്ങാനത്ത് മഹിളാ സമഖ്യ എന്ന എൻ.ജി.ഒ. നടത്തുന്ന ഷെൽട്ടർ ഹോമാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.
നിലവിലുള്ള എൻ.ജി.ഒ.യെ സ്ഥാപന നടത്തിപ്പിൽനിന്ന് ഒഴിവാക്കും. പുതിയ നിർഭയകേന്ദ്രം തുടങ്ങാൻ മറ്റൊരു എൻ.ജി.ഒ.യെ കണ്ടെത്തും.
നിലവിൽ കേന്ദ്രത്തിൽ അന്തേവാസികളില്ല. ഷെൽട്ടർ ഹോമിൽനിന്ന് നവംബർ 13-ന് വെളുപ്പിനെ കാണാതായ കുട്ടികളെ അന്നേ ദിവസം ബന്ധുവീട്ടിൽ കണ്ടെത്തി. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി സ്വന്തം വീടുകളിേലക്ക് പോകാൻ അനുവദിക്കുകയായിരുന്നു.
നവംബർ 13-ന് രാവിലെ ചുമതലക്കാർ 5.30-ഓടെ മുറികളിൽ ചെന്ന് വിളിച്ചപ്പോഴാണ് പെൺകുട്ടികൾ കേന്ദ്രത്തിൽനിന്ന് കടന്നുകളഞ്ഞ കാര്യം അറിയുന്നത്.
12 പെൺകുട്ടികൾ ഇവിടെ താമസിച്ചിരുന്നു. ഇവരിൽ രണ്ട് പേരെ പിന്നീട് സ്വന്തം വീടുകളിലേക്കും നാല് പേരെ മറ്റൊരു ഷെൽട്ടർ ഹോമിലേക്കും മാറ്റുകയായിരുന്നു.





