ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രത്തിൽ നിന്നും ശിവഗിരിയിലേക്കുളള തീർത്ഥാടന പദയാത്ര ആരംഭിച്ചു.
മീനച്ചിൽ എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 8ാ മത് പദയാത്രയിലെ അംഗങ്ങൾക്ക് പ്രസിഡന്റ് പത്മകുമാർ ധർമ പതാക കൈമാറി. പദയാത്ര ഡിസംബർ 30ന് ശിവഗിരിയിലെത്തും.
വിശ്വഗുരുവായ ശ്രീനാരയണ ഗുരുദേവന്റെ ധർമ്മോപദേശങ്ങളും ജീവിത മൂല്യങ്ങളും ദർശനങ്ങളും ജനഹൃദയങ്ങളിലെത്തിച്ചുകൊണ്ട് നടക്കുന്ന ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചാണ് മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ ശിവഗിരിയിലേക്ക് തീർത്ഥാടന പദയാത്ര നടത്തുന്നത്. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷൺമുഖക്ഷേത്ര സന്നിധിയിൽ നിന്നും 8-ാമത് തീർത്ഥാടന പദയാത്രയാണ് ഈ വർഷം സമാരംഭിച്ചത്.
ഞായറാഴ്ച രാവിലെ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ തീർത്ഥാടന സന്ദേശം നൽകി ധർമ പതാക കൈമാറി.
യൂണിയൻ ഭാരവാഹികളായ ഒ എം സുരേഷ് ഇട്ടിക്കുന്നേൽ, എം ആർ ഉല്ലാസ്, സജീവ് വയല, കെആർ ഷാജി എന്നിവർ ചേർന്ന് പതാക ഏറ്റുവാങ്ങി. സനീഷ് ശാന്തികളുടെ ഗുരുധർമ്മ സ്മരണയോടെ ആരംഭിച്ച യോഗത്തിൽ ഒ എം സുരേഷ് അധ്യക്ഷനായിരുന്നു. എം ആർ ഉല്ലാസ്, സി ടി രാജൻ, കെ ആർ ഷാജി, അനീഷ് പുല്ലുവേലിൽ, കെ ജി സാബു, മിനർവ മോഹൻ, അരുൺ കുളമ്പള്ളി, കെ ആർ രാജൻ, എ ഡി സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാപഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പൻ എന്നിവരടക്കമുള്ള ജനനേതാക്കളും പദയാത്രയ്ക്ക് ആശംസകളർപ്പിച്ചു. മാണി സി കാപ്പൻ എംഎൽഎയും പിസി ജോർജും ജോർജും ഭരണങ്ങാനത്ത് പദയാത്രയെ സ്വീകരിച്ച് ആശംസകളർപ്പിച്ചു.
പത്തു ദിവസത്തെ പീതാംബരദീക്ഷ സ്വീകരിച്ച് വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം പീതാംബരധാരികളായാണ് തീർത്ഥാടകർ ശിവഗിരിയിലേക് പദയാത്ര ആരംഭിച്ചത്. തീർത്ഥാടന പദയാത്ര ഡിസംബർ 30 ന് ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി മണ്ഡപത്തിൽ പ്രാർത്ഥന നടത്തും.





