Hot Posts

6/recent/ticker-posts

സുനാമി ദുരന്തത്തിന് 18 വയസ്; കണ്ണീരോർമ്മകൾ ഇനിയും ബാക്കി


നിനച്ചിരിയ്ക്കാതെ രാക്ഷസത്തിര തീരത്ത് ആഞ്ഞടിച്ച് ലക്ഷക്കണക്കിനാളുകളുടെ ജീവനും കൊണ്ട് പോയിട്ട് ഇന്നേക്ക് 18 വർഷം. 2004 ഡിസംബർ 26നായിരുന്നു ലോകത്തെ ഞെട്ടിച്ച മഹാദുരന്തം സംഭവിച്ചത്. 


ആർത്തലച്ചെത്തിയ സുനാമി എല്ലാം നിമിഷനേരം കൊണ്ട് കരയെ തകർത്തെറിഞ്ഞ് അന്തരീക്ഷത്തിൽ നിലവിളികൾ മാത്രം ബാക്കിയാക്കി പോയപ്പോൾ  മൂന്ന് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവൻ പൊലിഞ്ഞു. അതിലേറെപ്പേർ അനാഥരായിരുന്നു.


പതിനാല് രാജ്യങ്ങളേയാണ് സുനാമി ബാധിച്ചത്. ഏറ്റവും കൂടുതൽ ഭീതിവിതച്ചത് ഇന്തോനീഷ്യയിൽ ആയിരുന്നു. ഒന്നര ലക്ഷത്തിലേറെ പേരാണ് ഇന്‍ഡൊനീഷ്യയിൽ മാത്രം ദുരന്തത്തിനിരയായത്. 


അതിലേറെപ്പേർ കിടപ്പാടം നഷ്ടപ്പെട്ട്, അനാഥരാവുകയും ചെയ്തു. ശ്രീലങ്ക, ഇന്ത്യ, തായ്ലാൻഡ് തുടങ്ങിയിടങ്ങളിലാണ് ദുരന്തം ഏറെ ബാധിച്ചത്. ശ്രീലങ്കയിൽ 35,322 ലേറെ പേരും ഇന്ത്യയിൽ 12,405 ലേറെ പേരും ദുരന്തത്തിനിരയായതായാണ് വിവരം. തായ്ലാൻഡിൽ എട്ടായിരത്തിലേറെ പേരും ദുരന്തത്തിൽ മരിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


പതിനായിരം ആറ്റംബോംബിന്റെ സംഹാര ശേഷിയുള്ള ഭൂകമ്പമാണ്, ഇന്ത്യ - ശ്രീലങ്കയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ തീരത്ത് കനത്ത നാശം വിതച്ചതെന്നാണ് കരുതപ്പെടുന്നത്. സുമാത്രയിലെ ആച്ചേ പ്രവിശ്യയ്ക്ക് തെക്ക് പടിഞ്ഞാറ് മാറി ഇന്ത്യൻ മഹാസമുദ്രത്തിൽ 9.1 തീവ്രതയിലാണ് ഭൂകമ്പം ഉണ്ടാകുന്നത്. ഇത്രയും തീവ്രതയേറിയ ഭൂകമ്പമുണ്ടാകുമ്പോൾ സ്വതന്ത്രമാക്കപ്പെടുന്ന ഊർജം ഹിരോഷിമയെ നാമാവശേഷമാക്കിയതരത്തിലുള്ള 10,000 ആറ്റംബോംബിന് തുല്യമായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

റിക്ടർ സ്കെയിൽ നിലവിൽ വന്നശേഷം അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂകമ്പം 1960ൽ ചിലിയുടെ തീരത്തുനിന്ന് മാറി ശാന്തസമുദ്രത്തിലാണുണ്ടായത്. അതിന്റെ ആഘാതശേഷി 9.5 അയിരുന്നു. 2004ൽ ഇന്തോനേഷ്യൻ പ്രദേശം, ഭൂകമ്പങ്ങളുടെ കാര്യത്തലും അഗ്നിപർവതസ്ഫോടനങ്ങളുടെ കാര്യത്തിലും ലോകത്തേറ്റവും സജീവമായ മേഖലയാണ്. കാരണം, ഭൂപ്രതലപാളിയിലെ മൂന്ന് ടെക്ടോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനമാണ് ഇന്തോനേഷ്യയുൾപ്പെടുന്ന പ്രദേശം.

കേരളത്തിൽ കടൽത്തിരയുടെ സംഹാരതാണ്ഡവത്തിൽ കൊല്ലപ്പെടുന്നത് 177 പേരാണ്. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനടുത്ത് കടലിൽ ഭൂകമ്പമുണ്ടാകുന്നത് ഞായറാഴ്ച രാവിലെ 6.29നായിരുന്നു. സുനാമി ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തുള്ള കേരളത്തിൽ ആഞ്ഞടിക്കുന്നത് 11 മണിയോടെയാണ്. 

Reactions