കോവിഡിന്റെ തുടക്കകാലത്ത് എല്ലാവരെയും ചിരിപ്പിക്കുകയും അൽഭുതപ്പെടുത്തുകയും ഒക്കെ ചെയ്ത പലതരം മാസ്കുകൾ വാർത്തകളിലും സോഷ്യൽ മീഡിയകളിലുമെല്ലാം കാണാമായിരുന്നു.
ഒരിടവേളയ്ക്ക് ശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് ഭീഷണി വീണ്ടും ഉയർന്ന് വന്നിരിക്കുകയാണ്.
ഇന്ത്യ ഉൾപ്പടെയുള്ള ലോക രാജ്യങ്ങളിലെല്ലാം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും ഊർജിതമാക്കിയിരിക്കുകയാണ്. മാസ്‌ക് ധരിക്കലും ഇടയ്ക്കിടെയുള്ള കൈകൾ വൃത്തിയാക്കലും തിരിച്ചെത്തിയിരിക്കുന്നു.
ഇപ്പോഴിതാ പക്ഷിയുടെ ചുണ്ടിന്റെ ആകൃതിയിലുള്ള മാസ്‌ക് ധരിച്ച് റെസ്റ്റൊറന്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നയാളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
കാർഡ്ബോർഡിന്റെ രണ്ട് കഷ്ണങ്ങൾ യോജിപ്പിച്ച്, പക്ഷിയുടെ ചുണ്ട് പോലെ പ്രവർത്തിപ്പിക്കുന്നതാണ് ഈ മാസ്‌കിന്റെ പ്രത്യേകത. വായ തുറക്കുന്നതിന് അനുസരിച്ച് പക്ഷിയുടെ ചുണ്ട് പോലെ ഇത് തുറന്ന് വരും.
ഇതിനിടയിലൂടെ ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം വായിലേക്ക് എളുപ്പത്തിൽവെച്ച് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ഭക്ഷണം കഴിക്കുമ്പോൾ ഇത് എടുത്തുമാറ്റേണ്ടതില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ട്വിറ്ററിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.





