Hot Posts

6/recent/ticker-posts

ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങി നാട്


പാലാ പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശവുമായെത്തുന്ന ക്രിസ്മസ് രാവിനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് നാട്.


പുൽക്കൂടൊരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും കേക്കുകൾ കൈമാറിയുമൊക്കെ വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കുകയാണ്. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും വെള്ളിയാഴ്ച ആഘോഷങ്ങൾ നടന്നു.


ക്രിസ്മസ് ചടങ്ങുകളുടെ ഭാഗമായി പള്ളികളിൽ പാതിരാ കുർബാന അടക്കമുള്ള പ്രാർഥനാ ശുശ്രൂഷകൾ ശനിയാഴ്ച രാത്രി നടക്കും. ക്രിസ്മസ് ആഘോഷം കെങ്കേമമാക്കാൻ വ്യാപാര സ്ഥാപനങ്ങളിലേക്ക് നാടൊഴുകി എത്തിത്തുടങ്ങിയതോടെ  ടൗണുകളിൽ തിരക്കാണ്. പല ബേക്കറികളിലും കേക്കിന്റെ വിൽപ്പന പൊടിപൊടിച്ചുതുടങ്ങി.


പ്ലം കേക്കുകൾക്കും കാരറ്റ് കേക്കിനുമാണ് ആവശ്യക്കാർ കൂടുതലെന്നു ബേക്കറിയുടമകൾ പറയുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ബേക്കറികൾക്ക് പുറമേ പലയിടങ്ങളിലും കേക്കിന് മാത്രമായി പ്രത്യേക വിൽപ്പനശാലകളും ഉണ്ട്. ഇവിടങ്ങളിലും കേക്കിന്റെ വിൽപന തകൃതിയാണ്.


പടക്കവിൽപ്പനയും ഇതോടൊപ്പം പൊടിപൊടിയ്ക്കുന്നുണ്ട്. മത്സ്യ, മാംസ വിപണിയിലും ശനിയാഴ്ച തിരക്ക് അനുഭവപ്പെടും. വസ്ത്ര വ്യാപാരശാലകളിലും പതിവിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. വഴിയോരക്കച്ചവടവും ഉഷാറാണ്.

Reactions