കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചും കളിക്കാരായ ദിമിത്രിയോസ് ദിയമൻ്റക്കോസും നിഹാൽ സുധീഷും അതിഥികളായി എത്തിയത് പാലാ തോമസ് കോളേജിൽ കോളിളക്കം സൃഷ്ടിച്ചു. കൊച്ചി ബ്ലൂ സ്പൈകേഴ്സും സെൻ്റ് തോമസ് കോളേജ് പാലായും സംയുക്തമായി നടത്തിയ ഫ്യൂചർ സ്പൈകേഴ്സ് ഓൾ കേരള ഇൻ്റർ കോളേജിയേറ്റ് വോളീബോൾ ടൂർണമെൻ്റ് 2023 ന്റെ രണ്ടാം ദിനമാണ് കാണികളെ അവേശഭരിതരാക്കിക്കൊണ്ട് അതിഥികൾ എത്തിയത്.
പ്രിയ താരങ്ങളെ കണ്ട് ആർത്തിരമ്പിയ വിദ്യാർത്ഥികളിൽ ആവേശം പതിൻമടങ്ങാക്കി ഇവാൻ വുകുമനോവിച്ച് അവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തനിക്ക് കിട്ടിയ ഊഷ്മളമായ സ്വീകരണം കണ്ട് ഇതുകൊണ്ടാണ് താൻ കേരളത്തെ ഇത്രയധികം സ്നേഹിക്കുന്നത് എന്നും കേരളം തൻ്റെ വീട് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ഫുട്ബോൾ കഴിഞ്ഞാൽ തനിക്ക് ഏറ്റവുമധികം ഇഷ്ടമുള്ള കായിക മേഖല വോളീബോൾ ആണെന്നും തൻ്റെ രാജ്യമായ സെർബിയയിൽ വോളീബോൾ പ്രശസ്തമായ കായിക ഇനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






