പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥിത്തര്‍ക്കം അവസാനിക്കുന്നെന്ന് സൂചന. നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ കാര്യം സി.പി.എമ്മിന് തീരുമാനിക്കാമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. പ്രാദേശികമായ കാര്യമാണ് പാലായിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി ബിനു പുളിക്കക്കണ്ടത്തെ സി.പി.എം നിശ്ചയിച്ചതിനെ തുടര്‍ന്നാണ് പാലായില്‍ സി.പി.എം - കേരളാ കോണ്‍ഗ്രസ് എം അഭിപ്രായ വ്യത്യാസം രൂപപ്പെട്ടത്.
കേരളാ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് സി.പി.എം വഴങ്ങിയാല്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി സ്ഥാനത്തുനിന്ന് ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കുകയും ആ സ്ഥാനത്തേക്ക് എല്‍.ഡി.എഫ്. സ്വതന്ത്ര സിജി പ്രസാദ് വരികയും ചെയ്‌തേക്കും. അല്ലാത്തപക്ഷം ബിനുവിന് തന്നെയാകും സാധ്യത. വിഷയത്തില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ സി.പി.എം. തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം.
ബിനുവിനെ ഒഴിവാക്കി മറ്റൊരു സ്ഥാനാര്‍ഥിയെ സി.പി.എം കൊണ്ടുവന്നേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സിജി പ്രസാദ് എന്ന എല്‍.ഡി.എഫിന്റെ വനിതാ കൗണ്‍സിലറെ നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സാധ്യത.
നിലവില്‍ നഗരസഭയില്‍ സി.പി.എം ചിഹ്നത്തില്‍ വിജയിച്ച ഏക അംഗം ബിനുവാണ്. മറ്റ് ആറ് അംഗങ്ങള്‍ എല്‍.ഡി.എഫ് സ്വതന്ത്രരാണ്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍ ബിനുവിനെ മാറ്റുമെന്നാണ് വിവരം.






