കേരളത്തിലേക്കു കൊണ്ടുവന്ന 15,300 ലീറ്റർ മായം കലർന്ന പാൽ ആര്യങ്കാവ് അതിർത്തിയിൽ പാൽ പരിശോധനാ ചെക്പോസ്റ്റിൽ പിടികൂടി. തമിഴ്നാട് തെങ്കാശി ജില്ലയിലെ വികെ പുതൂർ വടിയൂർ എന്ന സ്ഥലത്തു നിന്നാണ് പാലുമായി ലോറി എത്തിയത്.
ശബരി എന്ന പേരിൽ പാലും പാലുൽപന്നങ്ങളും വിപണിയിലെത്തിക്കുന്ന നൂറനാട് ഇടപ്പോൺ അഗ്രി സോഫ്റ്റ് ഡെയറി ആൻഡ് അഗ്രോ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിനു വേണ്ടി കൊണ്ടുവന്നതായിരുന്നു പാൽ. കേടുകൂടാതെ കൂടുതൽ സമയം സൂക്ഷിക്കുന്നതിനായി ഹൈഡ്രജൻ പെറോക്സൈഡ് രാസവസ്തു ചേർത്തതായിരുന്നു പാൽ.
ആര്യങ്കാവിലെ ചെക്പോസ്റ്റിൽ സ്ഥാപിച്ചിട്ടുള്ള ലാബിൽ പരിശോധിച്ചപ്പോഴാണ് ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗവും ആര്യങ്കാവിലെത്തി സാംപിൾ ശേഖരിച്ചു. ഇതു പരിശോധനയ്ക്കായി വകുപ്പിന്റെ തിരുവന്തപുരത്തെ ലാബിലേക്ക് അയച്ചു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനാ ഫലത്തെ ആശ്രയിച്ചിരിക്കും തുടർ നടപടി. മായം കണ്ടെത്തിയാൽ പാൽ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കും. ഫാമിനെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യാനും കഴിയും. ഭക്ഷ്യസുരക്ഷാ വകുപ്പിനു കമ്പനിയെ കരിമ്പട്ടികയിൽപെടുത്താനും കഴിയും.
ചെക്പോസ്റ്റിലെ ക്ഷീരവികസന ഓഫിസർ ബി.മനോജ് കുമാർ, ലാബ് ടെക്നീഷ്യൻ എ.കെ.ശർമിള എന്നിവരാണ് മായം കണ്ടെത്തിയത്. ക്ഷീരവികസന വകുപ്പിലെ ക്വാളിറ്റി കൺട്രോൾ ഓഫിസർ പ്രിൻസിയും ചെക്പോസ്റ്റിൽ എത്തിയിരുന്നു.
കഴിഞ്ഞ ഓണക്കാലത്ത് ഫോർമലിൻ ചേർത്ത പാൽ മീനാക്ഷിപുരം ചെക്പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.അന്നു പാൽ തിരിച്ചയയ്ക്കുകയായിരുന്നു. പിടിച്ചെടുത്ത പാലിൽ സാംപിൾ ശേഖരിച്ച ശേഷം ബാക്കി നശിപ്പിച്ചു കളയാൻ നിർദേശം നൽകിയതായി ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.






