Hot Posts

6/recent/ticker-posts

പടുതോട് മോക് ഡ്രിൽ അപകടം; സമഗ്ര അന്വേഷണം വേണം- ബിജു നൈനാൻ മരുതുക്കുന്നേൽ


പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറ്റിലെ പടുതോട് കടവിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ദുരന്ത രക്ഷാസേനയും സംഘടിപ്പിച്ച മോക്ഡ്രില്ലിൽ പങ്കെടുത്ത യുവാവ് മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് ആവശ്യം.


തുരുത്തിക്കാട് സ്വദേശി 34 കാരനായ ബിനു സോമൻ കാക്കരകുന്നേൽ എന്ന യുവാവാണ് മോക്ഡ്രില്ലിനിടയിൽ അപകടത്തിൽപ്പെട്ട് മരിച്ചത്. 2022 ഡിസംബർ 29 ന് ആയിരുന്നു അപകടം.


സംഭവത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണം ഊർജിതപ്പെടുത്തുക, പ്രസ്തുത അന്വേഷണത്തോടൊപ്പം മോക്ഡ്രില്ലിൽ പങ്കെടുത്തവർ, പ്രദേശവാസികൾ, ജനപ്രതിനിധികൾ എന്നിവരിൽ നിന്നും കൂടി വിവരങ്ങൾ ശേഖരിച്ച് മോക് ഡ്രിൽ ആസൂത്രണം,സംഘാടനം എന്നിവയിൽ വന്ന പിഴവുകൾ കണ്ടെത്തുന്നതിനായി ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് എം തിരുവല്ല നിയോജക മണ്ഡലം സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ കേരള എം ചെയർമാൻ ജോസ് കെ മാണി എം പിക്കു നിവേദനം സമർപ്പിച്ചു. 


29/12/2022ൽ കേരളത്തിലാകമാനാമായി നടന്ന 70 മോക്ഡ്രില്ലുകളുടെയും സംഘാടനത്തിൽ പിഴവുകളുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും ബിനു സോമന്റെ അവകാശികൾക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക വർധിപ്പിച്ചു എത്രയും വേഗം കൈമാറണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.



കൂടാതെ എൻ ഡി ആർ എഫിന്റെ ഭാഗത്തു നിന്നും പടുതോട് മോക് ഡ്രില്ലിൽ സംഭവിച്ച വീഴ്ചകൾ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുക, സംസ്ഥാനത്തെയും രാജ്യത്തെയും ദുരന്തനിവാരണ സംവിധാനങ്ങളിലെ ന്യൂനതകൾ പരിശോധിച്ച് പരിഹാര നടപടികൾ സമയബന്ധിതമായി നടപ്പിലാക്കുക മുതലായ വിവിധ ആവശ്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധിയൽപ്പെടുത്തണമെന്നും നിവേദനത്തിലുണ്ട്.

പടുതോട് മോക് ഡ്രിൽ ദുരന്ത അതിജീവിതനും കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാനുമാനുമാണ്  ബിജു നൈനാൻ.

Reactions