ഇന്ത്യയിൽ 2047ല്‍ ഇസ്‌ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ലക്ഷ്യമിട്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കണ്ടെത്തൽ. കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎയുടെ കണ്ടെത്തൽ.
ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം കൊണ്ടുവരാനായി സർവീസ് ടീമും കില്ലർ ടീമും പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയ്ക്കാണ് സർവീസ് ടീം രൂപീകരിച്ചത്. കൊലപാതകമുൾപ്പെടെയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയാണ് കില്ലർ ടീമിനെ രൂപീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രത്യേക സമുദായത്തിലെ നേതാക്കളെ കൊലപ്പെടുത്താന്‍ സേവനസംഘത്തിന്റെ ജില്ലാ നേതാവ് മുസ്തഫാ പൈചാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു നഗരത്തിലും സുള്ള്യ ടൗണിലും ബെല്ലാരെ ഗ്രാമത്തിലും ഗൂഢാലോചന നടത്തി. യുവമോര്‍ച്ച ജില്ലാ നേതാവ് പ്രവീണ്‍ നെട്ടാരുവിന് പുറമേ മറ്റ് മൂന്ന് പേരെക്കൂടി വധിക്കാന്‍ പദ്ധതിയിട്ടിരുന്നു.
മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ നോക്കി നില്‍ക്കെ പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത് ജനങ്ങളില്‍ വലിയ തോതില്‍ ഭീതിയുണ്ടാക്കാനായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രത്യേക സമുദായത്തിലെ ആളുകളെ ഉദ്ദേശിച്ചായിരുന്നു ആക്രമമെന്നും കുറ്റപത്രത്തിലുണ്ട്.
ബെല്ലാരെ സ്വദേശിയായ പ്രവീണ്‍ നെട്ടാരു കഴിഞ്ഞ വര്‍ഷം ജൂലൈ 26-നാണ് കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നായിരുന്നു കണ്ടെത്തല്‍. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.






