സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ നടപടിയുമായി മോട്ടാർവാഹനവകുപ്പ്. സർക്കാർ വാഹനങ്ങള്‍ക്ക് പുതിയ നമ്പർ സീരീസ് നൽകാൻ തീരുമാനിച്ചു.
സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് വയ്ക്കാനുള്ള ഉദ്യോഗസ്ഥർക്കുള്ള അധികാരം പരിമിതിപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്ത് എത്ര സർക്കാർ വാഹനങ്ങളുണ്ടെന്ന കണക്കിപ്പോള്‍ മോട്ടോർ വാഹനവകുപ്പിന്റെ കൈവശമില്ല. സർക്കാർ വാഹനങ്ങള്‍ പ്രത്യേക സീരിയസിൽ രജിസ്റ്റർ ചെയ്യാത്തുകൊണ്ടാണ് കൃത്യമായ കണക്ക് സൂക്ഷിക്കാൻ കഴിയാത്തത്.
മൂന്നു തരത്തിലാണ് പുതിയ നമ്പർ സീരിസ് ക്രമീകരിക്കാൻ ശുപാർശ തയ്യാറാക്കിയിരിക്കുന്നത്. കെ.എൽ-15 നിലവിൽ കെഎസ്ആർടിസിക്കുള്ളതാണ്.
സർക്കാർ വാഹനങ്ങള്‍ക്കിനി കെ.എൽ-15 എഎ രജിസ്ട്രേഷനായിരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെഎൽ-15 എബിയും, അർദ്ധ സർക്കാർ- സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെ നമ്പർ കെഎൽ15-എസിയിലുമായിരിക്കും.






