തറപ്പേൽ പാലത്തിനു താഴെയാണ് സംഭവം. വിഷം കലക്കി മീൻ പിടിക്കാനെത്തിയ ഇതര സംസ്ഥാനക്കാർ ആറ്റിൽ ചൂണ്ടയിട്ടു കൊണ്ടിരുന്ന അശ്വിൻ എന്നയാളുടെ ശ്രദ്ധയിൽ പെടുകയും അശ്വിൻ പാലായിൽ ജയേഷ് ജോർജിനെ വിവരം അറിയിക്കുകയുമായിരുന്നു.
ജയേഷിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പാലായിൽ ഇത്തരം ഒരു നീക്കം തടഞ്ഞത്. ജയേഷ് ഈ വിവരം മീനച്ചിൽ നദീസംരക്ഷണസമിതി ജോ.സെക്രട്ടറിയും ഭരണങ്ങാനത്ത് മീനച്ചിലാർ കാവൽമാടം ഓർഗനൈസറുമായ ഫ്രാൻസിസ് കൂറ്റനാലിനെ അറിയിച്ചു.
തുടർന്ന് ഫ്രാൻസീസ് വിൻസെന്റ് കണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലിൽ, ഡെന്നി കരിമ്പനാൽ തുടങ്ങിയ പ്രാദേശിക കാവൽഘടകം പ്രവർത്തകരെ വിളിച്ചുകൂട്ടി അതിക്രമം തടയുകയായിരുന്നു. ആറ്റിൽ വിഷം കലക്കി ഇതോടകം ഉടക്കുവലയിൽ ധാരാളം കുറുവ മീനുകളെ കുടുക്കിയിരുന്നു.
രണ്ട് മൂന്ന് ദിവസങ്ങളിലായി ഇത് തുടരുന്നുവെന്നാണ് സൂചന.ഭരണങ്ങാനം അമ്പലക്കടവ് മുതൽ അസ്സീസി കടവ് വരെയുള്ള പ്രദേശങ്ങളിൽ പലപ്പോഴായി മീനുകൾ ചത്തുപൊങ്ങുന്നതായി വിവരമുണ്ട്.
ചെക്ക്ഡാമുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിന് സമീപമാണ് ഈ വിധം വിഷം കലക്കുന്നത് എന്നതാണ് കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. വഴിയോരത്ത് ആറ്റുമീനുകളെ വിൽക്കുന്ന ഇതരസംസ്ഥാനക്കാരെ ശ്രദ്ധിക്കണമെന്നും പ്രാദേശികമായി ആറ്റിലും ജാഗ്രതവേണം ഉണ്ടാവണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.







