പുരവഞ്ചി മേഖലയില്‍ തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെ നിരക്കുയര്‍ത്തി ഉടമകള്‍. 25 ശതമാനംവരെ നിരക്കുവര്‍ധന അനിവാര്യമാണെന്ന് ഉടമകള്‍ പറയുന്നു. ശരാശരി 20-25 ശതമാനം കൂടുതല്‍ തുക നല്‍കിയാല്‍ മാത്രമേ ഇനി പുരവഞ്ചി സഞ്ചാരം സാധ്യമാകൂ. നിരക്കുവര്‍ധന സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്ക് ഇരുട്ടടിയാകും.
നിരക്കുവര്‍ധന നിലവില്‍ വരുമ്പോള്‍ മത്സരയോട്ടവും നിലവില്‍വരുമെന്നാണു മേഖലയിലുള്ളവര്‍ പറയുന്നത്.
ലൈസന്‍സും മറ്റ് രേഖകളുമില്ലാത്ത അനധികൃത പുരവഞ്ചികള്‍ക്കു കുറഞ്ഞനിരക്കില്‍ ഓടാന്‍സാധിക്കും. എന്നാല്‍ ഇതു സുരക്ഷാപ്രശ്‌നങ്ങള്‍ക്കു കാരണമാകും.
മേഖലയില്‍ പിടിച്ചുനില്‍ക്കുന്നതിനായി വന്‍കിടക്കാരായ പുരവഞ്ചി ഉടമകള്‍ ഷെയറിങ് സര്‍വീസുകള്‍ നടത്തും. പത്തു മുറികളുള്ള ഒരു പുരവഞ്ചി വിവിധ യാത്രാസംഘങ്ങള്‍ക്കു നല്‍കും.
ഒറ്റമുറിയുള്ള പുരവഞ്ചി ഒരുദിവസം ഈടാക്കുന്ന നിരക്കിനെക്കാളും കുറഞ്ഞനിരക്കില്‍ നല്‍കാന്‍ ഷെയറിങ് പുരവഞ്ചികള്‍ക്കു സാധിക്കും.









