Hot Posts

6/recent/ticker-posts

കോട്ടയത്ത് പഴകിയ മീൻ സുലഭം; പ്രാദേശിക മാർക്കറ്റുകളിൽ പരിശോധന കാര്യക്ഷമമല്ല

പ്രതീകാത്മക ചിത്രം


കോട്ടയം: 'പച്ച'മീൻ 'പെടയ്ക്കണ' മീൻ എന്നൊക്കെ കരുതി നമ്മളിൽ പലരും വാങ്ങുന്ന മീനുകൾ മിക്കവയും അങ്ങനെയല്ല എന്നതാണ് സത്യം. കടൽ ഇല്ലാത്ത കോട്ടയത്തേക്കു വരുന്ന മത്സ്യങ്ങളിൽ പലതും കാലപ്പഴക്കമുള്ളവയായിരിക്കും. ചിലതാകട്ടെ വിഷത്തിൽ മുങ്ങിയവയും. 


പ്രാദേശിക മാർക്കറ്റുകളിൽ വിൽക്കുന്ന മത്സ്യം വിഷരഹിതമാണോയെന്ന പരിശോധന കാര്യമായി നടക്കാറില്ല.ഹെൽത്ത് ഇൻസ്പെക്ടർമാർക്കു പരിശോധന നടത്താമെന്നല്ലാതെ കണ്ടുപിടിക്കുന്നതിനു സംവിധാനങ്ങളൊന്നുമില്ല. ഭക്ഷ്യസുരക്ഷാ വകുപ്പാണു പരിശോധന നടത്തേണ്ടത്. 




ഈ 2 വിഭാഗങ്ങൾ തമ്മിൽ ഏകീകരണം ഇല്ലാത്തതും കുഴപ്പക്കാർ രക്ഷപ്പെടുന്നതിനു കാരണമാകുന്നു.രാസ വസ്തുക്കൾ കലർത്തിയ മത്സ്യം പിടികൂടുന്നതുതന്നെ പരാതി ഉയരുമ്പോൾ മാത്രമാണ്. 


മാസത്തിൽ 3 തവണയാണ് മീൻ പിടിക്കുന്നതിനായി ഒരു ബോട്ട് കടലിലേക്കു പോകുന്നത്. ഐസ് നിറച്ച പെട്ടികളുമായാണു യാത്ര. പിടിക്കുന്ന മീനുകൾ ഐസ് ഇട്ടു സൂക്ഷിക്കും. ഓരോ ആഴ്ചയിലും മീനുമായി തിരികെയെത്തും. ഇത്തരത്തിൽ കരയ്ക്ക് എത്തിക്കുന്ന മീൻ പൊതു വിപണിയിൽ ലേലം ചെയ്യുകയാണു പതിവ്. അവിടെ നിന്നു മാർക്കറ്റുകളിലേക്ക് എത്തും. 


ഈ മാർക്കറ്റുകളിൽ നിന്നു ചെറുകിട കച്ചവടക്കാർ ലേലത്തിനെടുക്കും. പ്രാദേശിക മാർക്കറ്റുകളിലേക്കു മീൻ എത്തും. ചെറുവള്ളങ്ങളിലും ബോട്ടുകളിലും മീൻ പിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളികൾ ദിവസേന തിരിച്ചെത്തും. ഇവരിൽ നിന്നു ലേലത്തിനെടുക്കുന്ന മീൻ നേരിട്ട് ചെറുകിട കച്ചവടക്കാരിൽ എത്തുകയാണ് പതിവ്.




മത്സ്യം ചീത്തയാകാതിരിക്കാൻ വിഷം ചേർക്കുന്നത് 2 തരത്തിലാണ്. ഒന്നു  നേരിട്ടും മറ്റൊന്ന് ഐസ് കട്ടയോടൊപ്പവും. ഹാർബറുകളിൽ നിന്നു രാസവസ്തു കലർത്തി വിടാനുള്ള സാധ്യത കൂടുതലാണ്. 



മത്സ്യത്തിലെ അമോണിയം, ഫോർമലിൻ സാന്നിധ്യം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വിഭാഗം ആശ്രയിക്കുന്നത് ക്വിക് കിറ്റുകളെയാണ്. കിറ്റിലെ സ്ട്രിപ് മത്സ്യത്തിന്റെ പുറത്ത് ഉരച്ച ശേഷം ലായനിയിൽ മുക്കും. നിറവ്യത്യാസം ഉണ്ടായാൽ രാസ വസ്തു ചേർത്തതാണെന്നു മനസ്സിലാക്കാം. 

മൊത്ത വിൽപനക്കച്ചവടക്കാർ, ഇടനില കച്ചവടക്കാർ, മാർക്കറ്റുകളിലെ മൊത്ത വിതരണക്കാർ എന്നിങ്ങനെ പലരും പല സ്ഥലങ്ങളിലും രാസ വസ്തു കലർത്താനുള്ള സാധ്യത ഉണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. സീസണുകൾ ലക്ഷ്യമിട്ട് സ്റ്റോക്ക് ചെയ്യുന്ന പ്രവണത പലയിടത്തുമുണ്ട്.അത്തരം മീനിലാണു രാസ വസ്തുസാന്നിധ്യം കൂടുതൽ.
അമോണിയവും ഫോർമലിനുമാണ് മീനിൽ ഉപയോ​ഗിക്കുന്ന രാസവസ്തുക്കളിൽ പ്രധാനം.

രാസ സാന്നിധ്യമുള്ള മീൻ പതിവായി കഴിക്കുന്നതിലൂടെ കുടലിലെ അർബുദം, അൾസർ തുടങ്ങിയവയ്ക്കു സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

മാംസ്യത്തെക്കാൾ മത്സ്യത്തിന് ആവശ്യക്കാരുള്ള ജില്ലയാണ് കോട്ടയമെന്നു മൊത്ത കച്ചവടക്കാർ പറയുന്നു. അതിനാൽ കേരളത്തിന് അകത്തും പുറത്തും നിന്നായി ടൺ കണക്കിനു മത്സ്യമാണ് ഇവിടെ എത്തുന്നത്. 

Reactions