നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിന്റെ സ്റ്റേ നീക്കി ഹൈക്കോടതി. സ്റ്റേ അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചതോടെയാണ് നടപടി.
ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ് കേസിൽ ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായത്.
തെറ്റായ വിവരം നല്‍കിയാണ് കോടതിയില്‍നിന്നു സൈബി സ്റ്റേ വാങ്ങിയതെന്നു പരാതിക്കാരി കോടതിയെ അറിയിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നു കാണിച്ച് സൈബി നൽകിയ രേഖ വ്യാജമെന്നു കോടതി കണ്ടെത്തി. വിഷയം ഗൗരവതരമാണെന്നു കോടതി വ്യക്തമാക്കി.
അതേസമയം, ഇന്നു കേസ് പരിഗണിച്ചപ്പോൾ സൈബി ജോസ് ഹാജരായില്ല. പകരം ജൂനിയർ അഭിഭാഷകയാണ് ഹാജരായത്.
ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്നു വ്യക്തമാക്കിയ കോടതി, വ്യാജ രേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ നടന്നതായും വ്യക്തമാക്കി. സംഭവത്തില്‍ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഉണ്ണിമുകുന്ദനോടു കോടതി നിർദേശിച്ചു. ഹര്‍ജി പരിഗണിക്കുന്നത് 17ലേയ്ക്കു മാറ്റി വച്ചു.









