Hot Posts

6/recent/ticker-posts

കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി; സൗജന്യ ചികിത്സയ്ക്ക് ഇനി മുതൽ ആധാര്‍ നിര്‍ബന്ധം

പ്രതീകാത്മക ചിത്രം


കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയിക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള സൗജന്യചികിത്സയ്ക്ക് ആധാര്‍ കാർഡ് നിര്‍ബന്ധമാക്കി. കാസ്പ് ഹെല്‍ത്ത് കാര്‍ഡും ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കേ ഇനി മുതൽ സൗജന്യചികിത്സ ലഭിക്കൂ. തട്ടിപ്പ് തടയുക എന്ന ലക്ഷ്യമിട്ടാണു നടപടി.


കിടത്തിച്ചികിത്സയ്ക്കു പ്രവേശിപ്പിക്കുമ്പോള്‍ വിരലടയാളം സ്വീകരിച്ച് ഉറപ്പാക്കുകയും ചെയ്യും. അടിയന്തര ചികിത്സയുമായി ബന്ധപ്പെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കു മാത്രമാകും ഈ ഇളവ്. അവരുടെ രോഗം ഭേദമായശേഷം ആധാര്‍ പരിശോധന നടത്തുകയും ചെയ്യും.


ആദ്യഘട്ടത്തില്‍ കാര്‍ഡ് നേടിയവർ അവരുടെ ആധാര്‍ നേരത്തേ ബന്ധിപ്പിച്ചിരുന്നു. ഇതുവരെ കാര്‍ഡ് പുതുക്കാത്തവര്‍ ചികിത്സതേടുമ്പോള്‍ ആധാറും ഹെല്‍ത്ത് കാര്‍ഡുമായി ബന്ധിപ്പിക്കണം. ഇല്ലെങ്കില്‍ ചികിത്സ ലഭിക്കില്ല. പദ്ധതിയുടെ നടത്തിപ്പുചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ.) മെഡിക്കല്‍ കോളേജുള്‍പ്പെടെയുള്ള ആശുപത്രികളില്‍ അതിനുള്ള സൗകര്യം ഒരുക്കിത്തുടങ്ങി.



വ്യാജ കാര്‍ഡുപയോഗിച്ച് ആളുകള്‍ ചികിത്സ തേടിയതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. സൗജന്യചികിത്സ വാഗ്ദാനംചെയ്ത് ചില സ്വകാര്യ സേവനകേന്ദ്രങ്ങള്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കിയിരുന്നു. ആലപ്പുഴ ജില്ലയിലെ കരുവാറ്റയില്‍ അത്തരത്തില്‍ നല്‍കിയ നാല്പത് ഹെല്‍ത്ത് കാര്‍ഡുകള്‍ വ്യാജമാണെന്നു കണ്ടെത്തി എസ്.എച്ച്.എ. റദ്ദാക്കിയിരുന്നു.


സംസ്ഥാനത്ത് നാൽപ്പത്തിരണ്ട് ലക്ഷം കുടുംബങ്ങളിലായി അറുപതിനാലു ലക്ഷം ഗുണഭോക്താക്കളാണ് കാസ്പ് പദ്ധതിയിലുള്ളത്. വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണു ലഭിക്കുക. സംസ്ഥാനസര്‍ക്കാരിന്റെ ആരോഗ്യപദ്ധതികളും കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയും സംയോജിപ്പിച്ചാണ് കാസ്പ് ആരംഭിച്ചത്.


ആധാര്‍ നിര്‍ബന്ധമാക്കിയതോടെ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ സൗജന്യചികിത്സയാണ് പ്രതിസന്ധിയിലായത്. ആധാര്‍ ലഭ്യമാകും വരെ കുട്ടികള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ചികിത്സ നല്‍കും. അതിനുള്ള സംവിധാനമൊരുക്കാനായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി തീവ്രശ്രമത്തിലാണ്.






Reactions