ഡബ്ല്യൂ എം മൂവീസിന്റെ ബാനറിൽ എൻ കെ മുഹമ്മദ് നിർമിച്ച് ശരത്ചന്ദ്രൻ വയനാട് കഥ എഴുതി സംവിധാനം ചെയ്യുന്ന "ചതി" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു. വയനാടിന്റെ പ്രകൃതി മനോഹാരിതയിൽ ആക്ഷനും, സെന്റിമെന്റ്സിനും, പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന "ചതി" മെയ് 5 ന് തീയറ്ററുകളിൽ എത്തും.
ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ജീവിത പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം വയനാടിന്റെ ചരിത്ര വഴികളിലൂടെയുള്ള ഒരു സഞ്ചാരം കൂടിയാകുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. കേൾക്കാൻ ഇമ്പമുള്ള മൂന്ന് ഗാനങ്ങളും ചിത്രത്തിൽ ഉണ്ട്. കാമ്പുള്ള കഥകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ശരത്ചന്ദ്രൻ വയനാട് സ്വന്തം നാടിന്റെ കഥയാണ് ഇത്തവണ വെള്ളിത്തിരയിൽ എത്തിക്കുന്നത്.
കരിന്തണ്ടന്റെ കഥകളിലൂടെ ആരംഭിക്കുന്ന ചിത്രം ഗോത്രവർഗക്കാരിയായ ഒരു പെൺകുട്ടിയുടെ പ്രതിസന്ധികളെ അതിജീവിച്ചുള്ള വിജയ കഥയും പറയുന്നു. സ്ത്രീ സമൂഹത്തിന് മികച്ച സന്ദേശം നല്കുന്ന ഒരു ചിത്രം കൂടിയായിരിക്കും "ചതി" എന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
ഇന്നത്തെ സമൂഹത്തിൽ മുന്നോട്ട് പോകുന്നതിന് നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും വിവിധ സാമൂഹ്യ വിഷയങ്ങളിലേയക്കും ചിത്രം വിരൽ ചൂണ്ടുന്നു. പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിലെ പെൺകുട്ടി ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതിനായി അഭിമുഖീകരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അതിൽ തളരാതെ അവൾ ലക്ഷ്യത്തിലെത്തുന്നതും ചിത്രം കാണിച്ചുതരും. വയനാടിന്റെ ദൃശ്യഭംഗിയ്ക്കൊപ്പം മനോഹര ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഗോത്രവർഗക്കാരുടെ തനതായ വസ്ത്രധാരണ രീതികളും സംസ്കാരവുമെല്ലാം തനിമ ചോരാതെ ഒപ്പിയെടുത്തിട്ടുണ്ട് ചിത്രം.
അണിയറ പ്രവർത്തകർ പുറത്തുവിട്ട ചിത്രങ്ങളിൽ നിന്ന് തന്നെ ചിത്രത്തിന്റെ ദൃശ്യമനോഹാരിത വ്യക്തമാണ്. കാടിന്റെയും നീർച്ചാലുകളുടെയും മറ്റും വശ്യത ഇവയിൽ എല്ലാം കാണാൻ കഴിയും.
ജാഫർ ഇടുക്കിയുടെയും, അബുസലിമിന്റെയും വ്യത്യസ്തമാർന്ന അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിൽ കാണാം, ഇവരെ കൂടാതെ സംവിധായകൻ ലാൽജോസ്, അഖിൽ പ്രഭാകർ, ശ്രീകുമാർ (മറിമായം), ശിവദാസ് മട്ടന്നൂർ, ഉണ്ണി രാജ്, ബാബു വള്ളിത്തോട്, അഖില നാഥ്, ലത ദാസ്, ഋതു മന്ത്ര, സായി കൃഷ്ണ, ശിശിര സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ക്യാമറ -ഉത്പൽ വി നായനാർ, എഡിറ്റിംഗ് -പി. സി മോഹനൻ, ഗാനരചന - ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ശരത് ചന്ദ്രൻ വയനാട്, സംഗീതം - പി ജെ, പശ്ചാത്തല സംഗീതം- മോഹൻ സിതാര, സംഘട്ടനം - മാഫിയ ശശി, റോബിൻ ടോം, നൃത്തം -ശാന്തി മാസ്റ്റർ, കലാസംവിധാനം മുരളി ബേപ്പൂർ, ചമയം -പട്ടണം റഷീദ്,റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം - രാധാകൃഷ്ണൻ മങ്ങാട്, പ്രൊജക്റ്റ് ഡിസൈനർ- രാജു പി കെ, പ്രൊഡക്ഷൻ കൺട്രോളർ- പൗലോസ് കുറുമുറ്റം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -റിയാസ് വയനാട്, അസോസിയേറ്റ് ഡയറക്ടർ -കമൽ കുപ്ലേരി, ഡി. ഐ സുരേഷ് എസ് ആർ, മിക്സിങ് - ജിജോ ടി ബ്രൂസ്, സൗണ്ട് - രാജേഷ് പി എം , ക്രീയേറ്റീവ് കോൺട്രിബ്യൂട്ടർ - ധനേഷ് ദാമോദർ, ഫിനാൻസ് കൺട്രോളർ- ടോമി,ഗായകർ - ജാസ്സി ഗിഫ്റ്റ് സുബാഷ് കൃഷ്ണ , സാന്ദ്ര തോമസ് , സ്റ്റുഡിയോ -ചലച്ചിത്രം, സ്റ്റിൽസ് കുട്ടീസ്, vfx - ശ്രീനാഥ്, ഡിസൈനർ- ബിനോഷ് ജോർജ്.
"ചതി " തിയറ്ററുകളിൽ എത്തിക്കുന്നതിനൊപ്പം തന്നെ തെന്നിന്ത്യയിലെ പ്രഗൽഭ താരങ്ങളും , അണിയറ പ്രവർത്തകരും ഒന്നിക്കുന്ന ഉടൻ ചിത്രീകരണം ആരംഭിക്കുന്ന "ഞാവൽ" എന്ന ചിത്രത്തിന്റെ അവസാന ഘട്ട പണിപുരയിലാണ് സംവിധായകൻ ശരത് ചന്ദ്രൻ വയനാട്.









